Spread the love

നടൻ ധനുഷിനെതിരെയുള്ള നയൻതാരയുടെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു നയൻ‌താര ധനുഷിനെതിരെ ആരോപണവുമായെത്തിയത്. ഈ പോസ്റ്റിന് നിരവധി തെന്നിന്ത്യൻ നായികമാരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ധനുഷിനൊപ്പം അഭിനയിച്ച നായികമാരും നയൻതാരയെ പിന്തുണച്ച് പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്.

നടി പാര്‍വതി തിരുവോത്താണ് നയന്‍താരയ്ക്ക് പിന്തുണ അറിയിച്ചവരിൽ ഒരാൾ. ധനുഷിനൊപ്പം ഭരത് ബാല സംവിധാനം ചെയ്ത മാരിയാൻ എന്ന സിനിമയിൽ പാർവതി അഭിനയിച്ചിരുന്നു. ശ്രുതി ഹാസനാണ് നയൻസിനെ പിന്തുണച്ച മറ്റൊരു നായിക. ശ്രുതി ധനുഷിനൊപ്പം 3 എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ഇവർക്ക് പുറമെ നസ്രിയ നസീം, അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും പോസ്റ്റിന് ലൈക്ക് ചെയ്തിട്ടുണ്ട്. ഇവരെല്ലാം തന്നെ ധനുഷിനൊപ്പം സിനിമകൾ ചെയ്തിട്ടുണ്ട്. ഇവരുടെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു.

അതേസമയം നാനും റൗഡി താൻ എന്ന സിനിമയിലെ തന്റെ പ്രകടനം ധനുഷിന് ഇഷ്ടമായില്ല എന്ന് നയൻസ് പറയുന്ന പഴയ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. നാനും റൗഡി താനിലൂടെ 2016ലെ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്‌കാരം ലഭിച്ചത് നയൻതാരയ്‌ക്കായിരുന്നു. ഈ വേദിയിൽ വെച്ചയിരുന്നു നടിയുടെ പ്രതികരണം. സിനിമയെ വിജയിപ്പിച്ച പ്രേക്ഷകർക്കും വിജയ-പരാജയങ്ങൾക്കൊപ്പം നിന്ന ആരാധകർക്കും സിനിമയുടെ അണിയറപ്രവർത്തകർക്കും നന്ദി പറഞ്ഞ ശേഷം നടി ധനുഷിനോട് മാപ്പ് ചോദിക്കുന്നതായി പറയുന്നത് വീഡിയോയിൽ കാണാം. ‘നാനും റൗഡി താനിലെ എന്റെ പെർഫോമൻസ് ധനുഷിന് ഇഷ്ടമായില്ല. നിങ്ങളെ നിരാശപ്പെടുത്തിയതിൽ മാപ്പ് ചോദിക്കുന്നു. അടുത്ത തവണ ശരിയാക്കാം,’ എന്നായിരുന്നു നടിയുടെ പ്രതികരണം.

നയന്‍താര-വിഘ്‌നേശ് വിവാഹസമയത്തോട് അനുബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കാനിരുന്ന ഡോക്യുമെന്ററി വൈകിയതിന് കാരണം ധനുഷാണെന്നാണ് നയന്‍താര പുറത്തുവിട്ട കുറിപ്പിൽ പറയുന്നത്. ‘Nayanthara: Beyond the Fairy Tale’ എന്ന ഡോക്യുമെന്ററിയില്‍ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ രംഗങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ധനുഷ് എടുത്ത നീക്കമാണ് ഡോക്യുമെന്ററി ഇത്രയും വൈകാന്‍ കാരണമെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. 2022ലായിരുന്നു നയന്‍താരയുടെ വിവാഹം. ഇപ്പോള്‍ രണ്ട് വര്‍ഷത്തിലേറെ കഴിഞ്ഞാണ് ഡോക്യുമെന്‍ററി റിലീസിന് ഒരുങ്ങുന്നത്.

Leave a Reply