Spread the love
പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതി

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. രണ്ടരവർഷം കഴിഞ്ഞാൽ പെൻഷൻ നൽകുന്ന സമ്പ്രദായം വേറൊരിടത്തുമില്ലെന്നും സര്‍ക്കാരിന് ഇത്രയും ആസ്തിയുണ്ടോയെന്നും ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. നാല് വര്‍ഷം പൂര്‍ത്തിയാകാതെ പേഴ്സണല്‍ സ്റ്റാഫിന് പെൻഷൻ കൊടുക്കരുതെന്ന് പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. പൊതുമേഖല എണ്ണകമ്പനികള്‍ അധിക ഇന്ധനവില ഈടാക്കുന്നുവെന്നും വില നിശ്ചയിക്കാന്‍ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണം എന്നുമാവശ്യപ്പട്ട് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി പരിഗണിക്കവെ സര്‍ക്കാര്‍ വിലയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചപ്പോഴാണ് പെന്‍ഷന്‍ കാര്യം ഉയര്‍ത്തി കോടതി മറുചോദ്യം ഉന്നയിച്ചത്.

സംസ്ഥാനത്ത് പേഴ്സണല്‍ സ്റ്റാഫ് പെൻഷൻ വാങ്ങുന്ന 1223 പേര്‍ ഉണ്ടെന്നാണ് കണക്ക്. രണ്ട് വര്‍ഷത്തിന് മേല്‍ സര്‍വീസ് ഉള്ളവര്‍ക്ക് മിനിമം പെൻഷൻ 3550 രൂപായാണ്. രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ പേഴ്സണല്‍ സ്റ്റാഫിനെ മാറ്റി അവര്‍ക്ക് പെൻഷൻ ഉറപ്പാക്കിയ ശേഷം വേറെ ആളുകളെ നിയമിച്ച് അവര്‍ക്കും പെൻഷൻ ഉറപ്പാക്കുന്ന രീതി സംസ്ഥാനത്തുണ്ട്.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനെതിരെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ രംഗത്തെത്തിയിരുന്നു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ സർവ്വീസിൽ രണ്ട് വർഷം പൂർത്തിയാക്കിയാൽ പെൻഷന് അർഹരാവും എന്ന ചട്ടം റദ്ദാക്കണമെന്നായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്. പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ സി എ ജിയേയും ബന്ധപ്പെട്ടിട്ടുണ്ട്.

Leave a Reply