Spread the love

കേരളത്തിൽ കൂടുതൽ വിവരാവകാശ കമ്മിഷണർമാർ വേണമെന്ന നിർദ്ദേശവുമായി സുപ്രീം കോടതി; സംസ്ഥാന സർക്കാരിന് വിമർശനം.


ന്യൂഡൽഹി : സാക്ഷര സംസ്ഥാനമായ കേരളത്തിൽ വിവരാവകാശ കമ്മിഷണർമാരുടെ എണ്ണം കൂടുതൽ വേണമെന്നും എന്തുകൊണ്ട് എണ്ണം വർധിപ്പിച്ചില്ലെന്നും ചോദിച്ചു കേരള സർക്കാരിനു സുപ്രീം കോടതിയുടെ വിമർശനം. തസ്തിക നികത്താൻ സ്വീകരിച്ച നടപടി ഉൾപ്പെടെ വിശദീകരിക്കാനും ജഡ്ജിമാരായ എസ്. അബ്ദുൽ നസീർ, കൃഷ്ണ മുരാരി എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. വിവരാവകാശ കമ്മിഷണർമാരുടെ ഒഴിവ് നികത്തുന്നതുമായി ബന്ധപ്പെട്ട 2019 ലെ സുപ്രീം കോടതി വിധി സംസ്ഥാനങ്ങൾ പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് നൽകിയ ഹർജിയിലാണ് നടപടി.
ഓരോ സംസ്ഥാനങ്ങളിലെയും സ്ഥിതി പ്രത്യേകമായി പരിഗണിച്ചാണ് കോടതിയുടെ വിമർശനം. വിഷയത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്കു നോട്ടിസ് നൽകിയിരുന്നു.ഒരു മുഖ്യ വിവരാവകാശ കമ്മിഷണറും 5 വിവരാവകാശ കമ്മിഷണർമാരും ഉൾപ്പെടെ മുഴുവൻ ഒഴിവുകളും നികത്തിയെന്നായിരുന്നു കേരളം നൽകിയ മറുപടി. എന്നാൽ, ഇതിൽ കോടതി തൃപ്തരായില്ല. 
എന്തുകൊണ്ട് സുപ്രീം കോടതി നിർദേശിച്ച പ്രകാരം വിവരാവകാശ കമ്മിഷണർമാരുടെ തസ്തിക 11 ആക്കിയില്ലെന്നായിരുന്നു ചോദ്യം. രാജ്യത്തെ ഏറ്റവും ഉയർന്ന സാക്ഷരതയുള്ള സംസ്ഥാനമാണത്. അവിടെ വിവരാവകാശ ചോദ്യങ്ങൾ കൂടുതലായി വരാം – കോടതി നിരീക്ഷിച്ചു. മൂന്നാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.

Leave a Reply