ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ആറു പ്രതികളെ കാലാവധി പൂർത്തിയാകും മുമ്പ് മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. പ്രതികളായ നളിനി, റോബർട്ട് പയസ്, സുതേന്തിര രാജ എന്ന ശാന്തൻ, ശ്രീഹരൻ എന്ന മുരുഗൻ, ജയ്കുമാർ, രവിചന്ദ്രൻ എന്നിവരെ മോചിപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
ജസ്റ്റിസ് ബി.ആർ ഗവായ്, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. പ്രതികൾ 30 വർഷത്തോളം ജയിലിൽ കഴിഞ്ഞുവെന്നും ജയിലിലെ പെരുമാറ്റം തൃപ്തികരമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. തമിഴ്നാട് സർക്കാറും പ്രതികളുടെ മോചനത്തിനു വേണ്ടി ഗവർണറോട് ആവശ്യപ്പെട്ടിരുന്നെന്നും കോടതി വ്യക്തമാക്കി. മെയ് ൽ കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയിരുന്നു.
1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ എൽ.ടി.ടി.ഇയുടെ ചാവേർ സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.