Spread the love


സഹകരണ സംഘങ്ങളെ നിയന്ത്രിക്കുന്ന ഭരണഘടനാഭേദഗതി റദ്ദാക്കി സുപ്രിം കോടതി.


ന്യൂഡൽഹി :സംസ്ഥാന സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിന് കർശന വ്യവസ്ഥകൾ ബാധകമാക്കിയ ഭരണഘടനാ ഭേദഗതി റദ്ദാക്കി സുപ്രീം കോടതി .സഹകരണ സംഘങ്ങൾ സംസ്ഥാന വിഷയമാണെന്നിരിക്കെ, ഭേദഗതിക്കു നിയമസഭകളുടെ അംഗീകാരം വേണമെന്ന ഭരണഘടനാ വ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്ന് ജസ്റ്റിസ് റോഹിന്റൻ നരിമാൻ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി.യുപിഎ ഭരണകാലത്ത് 2012 ഫെബ്രുവരിയിൽ പ്രാബല്യത്തിലായ 97 ഭരണഘടനാ ഭേദഗതിക്ക് 3 ഘട്ടങ്ങൾ ഉണ്ടായിരുന്നത് -സഹകരണ സംഘ രൂപീകരണം മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തി ;സംഘ രൂപീകരണവും ജനാധിപത്യപരമായ നടത്തിപ്പും മറ്റും പ്രോത്സാഹിപ്പിക്കണമെന്നത് നിർദ്ദേശക തത്വങ്ങളുടെ ഭാഗമാക്കി ;ഭരണഘടനയിൽ 9ബി എന്ന ഭാഗം ചേർത്ത് സംസ്ഥാനങ്ങളിലെയും ഒന്നിലധികം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംഘടനകളുടെ പ്രവർത്തനത്തിനു വ്യവസ്ഥകൾ നിർദ്ദേശിച്ചു.9ബി ഭാഗത്ത് അതത് സംസ്ഥാനങ്ങളിൽ മാത്രമൊതുങ്ങുന്ന സഹകരണസംഘങ്ങളെ സംബന്ധിച്ച വ്യവസ്ഥകൾ റദ്ദാക്കുന്നുവെന്നാണ് ജസ്റ്റിസ് ബി. ആർ.ഗവായിയും വ്യക്തമാക്കിയത്.
ഒന്നിലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള സഹകരണ സംഘങ്ങൾക്ക് ബാധകമാകുന്ന വ്യവസ്ഥകൾ നിലനിൽക്കും. ബെഞ്ചിലെ കെ. എം. ജോസഫ് ഇതിനോട് വിയോജിച്ചു.9ബി യിലെ വകുപ്പുകൾ എല്ലാം പരസ്പര ബന്ധിതമാണെന്നും ചിലതുമാത്രം തനിച്ചുനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം ഈ ഭാഗം പൂർണമായി റദ്ദാക്കി. ഭൂരിപക്ഷ നിലപാടാകും നിലനിൽക്കുക. 97 ഭേദഗതിക്കെതിരെ രാജേന്ദ്ര എൻ. ഷാ എന്നയാൾ നൽകിയ പൊതുതാൽപര്യ ഹർജിയിൽ 9ബി ഭാഗം ഭരണഘടനാ വിരുദ്ധമാണെന്നു 2013 ൽ ഗുജറാത്ത് ഹൈക്കോടതി വിധിച്ചിരുന്നു. അതിനെതിരെ കേന്ദ്ര സർക്കാർ നല്കിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. എന്നാൽ,കേന്ദ്ര സർക്കാർ സഹകരണ മന്ത്രാലയം രൂപീകരിക്കുകയും അമിത് ഷായ്ക്ക് ചുമതല നൽകുകയും ചെയ്തു രണ്ടാഴ്ച തികയുന്നതിന് മുമ്പാണ് സുപ്രീംകോടതിയുടെ വിധി എന്നതും ശ്രദ്ധേയമാണ്.

Leave a Reply