Spread the love

കോവിഡ് മരണം;കണക്കിൽ ആത്മഹത്യയും ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി.


ന്യൂഡൽഹി : കോവിഡ് പോസിറ്റീവായിരിക്കെ ജീവനൊടുക്കുന്നവരെക്കൂടി കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നു സുപ്രീം കോടതി ആവശ്യപ്പെട്ടു. കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കി കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗരേഖ പരിശോധിച്ച ശേഷമാണു ജസ്റ്റിസുമാരായ എം.ആർ. ഷാ, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം. ജീവനൊടുക്കിയവരെ ഒഴിവാക്കിയതു പുനഃപരിശോധിക്കണം.കോവിഡ് മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ അറിയിക്കാനുള്ള കമ്മിറ്റി എപ്പോൾ രൂപീകരിക്കും, എന്തൊക്കെ രേഖകളാണ് ഹാജരാക്കേണ്ടത്, കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന ആശുപത്രിയിൽനിന്ന് എന്തൊക്കെ രേഖകൾ നൽകണം തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരുത്തണമെന്നു കോടതി നിർദേശിച്ചു.
കോവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം, അപകടമരണം, വിഷം അകത്തുചെന്നുള്ള മരണം എന്നിവ കോവിഡ് മരണമായി കണക്കാക്കില്ലെന്നു കേന്ദ്രം നേരത്തേ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു.ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം 4 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അഭിഭാഷകരായ ഗൗരവ് കുമാർ ബൻസാൽ, ദീപക് കൻസാൽ എന്നിവർ കോടതിയെ സമീപിച്ചത്.കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള മാർഗരേഖ 23നുള്ളിൽ സമർപ്പിക്കണമെന്നു കേന്ദ്രത്തോടു സുപ്രീം കോടതി നിർദേശിച്ചു. 23ന് അകം സമർപ്പിക്കുമെന്നു കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

Leave a Reply