ചാരക്കേസ് : സിബിഐക്ക് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി : ഐഎസ്ആർഒ ചാരക്കേസിൽ ഉദ്യോഗസ്ഥ ഗൂഢാലോചനയെക്കുറിച്ച് സ്വന്തം നിലയിൽ അന്വേഷിച്ച് തെളിവുകൾ കണ്ടെത്താൻ സിബിഐയോട് സുപ്രീംകോടതിയുടെ നിർദേശം.ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നിയമാനുസൃത നടപടികളുമായി മുന്നോട്ടു പോകാം.ഇതിന് പ്രത്യേക അനുമതി വേണ്ടെന്നും കോടതി വ്യക്തമാക്കി. ഡി. കെ. ജെയിൻ സമിതി നൽകിയ റിപ്പോർട്ടിലെ പരാമർശങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ നടപടി എടുക്കാനാവില്ലെന്നും ജഡ്ജിമാരായ എ. എം. ഖാൻവിൽക്കർ,സഞജീവ് ഖന്ന എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ജെയിൻ സമിതി നൽകിയ റിപ്പോർട്ട് സ്വതന്ത്രമായ അന്വേഷണത്തെ ബാധിക്കാൻ ഇടവരരുത്. കേസിനെക്കുറിച്ച് കോടതിക്ക് പ്രാഥമിക ധാരണ കിട്ടുന്നതിനുവേണ്ടിയായിരുന്നു കമ്മീഷൻ.സിബിഐ കേസെടുത്തതോടെ ആ റിപ്പോർട്ട് അപ്രസക്തമായി. കോടതി വ്യക്തമാക്കി. ജെയിൻ സമിതി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് സിബിഐ മുന്നോട്ടുപോകുന്നതെന്നും റിപ്പോർട്ട് ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും മുൻ ഡിജിപി സിബി മാത്യൂസിനു വേണ്ടി അമിത് ശർമ ചൂണ്ടിക്കാട്ടിയിന്നു.ഇതിനോട് പ്രതികരിക്കുകയായിരുന്നു കോടതി. റിപ്പോർട്ട് നൽകാൻ വിസമ്മതിക്കുന്നത് സിബിഐയുടെ മുൻവിധിയോടെയുള്ള സ്വാഭാവിക നീതി ലഭിക്കാനുള്ള അവകാശത്തെ ബാധിക്കുന്നതായും പ്രതികൾ ബോധിപ്പിച്ചു.ജെയിൻ സമിതി നമ്പി നാരായണനെ വിളിച്ചെങ്കിലും തൻറെ ഭാഗം കേട്ടില്ലെന്ന് സിബി മാത്യൂസ് അറിയിച്ചു.കോടതി ഉത്തരവ് പ്രകാരമാണ് റിപ്പോർട്ട് രഹസ്യ രേഖയായി നൽകിയതെന്നും പ്രഥമ വിവര റിപ്പോർട്ടിൽ ജെയിൻ റിപ്പോർട്ടിൻറെ രത്നചുരുക്കം ഉണ്ടെന്നും സിബിഐ സുപ്രിം കോടതിയെ അറിയിച്ചു.