അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അനുസ്മരിച്ച് നടി സുരഭി ലക്ഷ്മി. 2016-ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സമ്മാനിച്ചപ്പോള്‍ അദ്ദേഹം തന്നോട് ബംഗാളി നടിയാണോയെന്ന് ചോദിച്ചതായും സംസാരിച്ചതിനെ കുറിച്ചുമാണ് സുരഭി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
സുരഭി ലക്ഷ്മിയുടെ കുറിപ്പ്:
പ്രണാമം
നാഷണല്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഏറെ സന്തോഷം നിറഞ്ഞ കാര്യങ്ങളിലൊന്ന് അത് ഏറ്റുവാങ്ങുന്നത് ഇന്ത്യന്‍ പ്രസിഡണ്ടിന്റെ കയ്യില്‍ നിന്നാണല്ലോ എന്നതായിരുന്നു. തലേദിവസം നടന്ന നാഷണല്‍ അവാര്‍ഡ് റിഹേഴ്‌സല്‍ സമയത്ത് ഇന്ത്യന്‍ പ്രസിഡണ്ടായി ഒരാള്‍ നിന്നിരുന്നു. നമ്മള്‍ അദ്ദേഹത്തിന്റെ അടുത്ത് പോയി നില്‍ക്കേണ്ടുന്ന പൊസിഷനും വാങ്ങിക്കേണ്ട പൊസിഷനുമൊക്കെ അസ്സലോടെ മനസ്സിലാക്കാനായിരുന്നു അത്. പിറ്റേന്ന് അദ്ദേഹം വന്നത് ഒരു അവിസ്മരണീയ നിമിഷമായി ഞാന്‍ ഓര്‍ക്കുന്നു, ഒരു ചെറിയ, വലിയ മനുഷ്യന്‍..
ഞാന്‍ ആലോചിച്ചു ഇന്ത്യന്‍ പ്രസിഡണ്ടിനെ ആണല്ലോ ഞാന്‍ ഇങ്ങനെ മുഖാമുഖം കാണുന്നത്, ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു സ്വപ്നമാണോ ഇതെന്നു പോലും ചിന്തിച്ചുപോയി. വേദിയില്‍ കയറി അദ്ദേഹത്തില്‍ നിന്ന് പുരസ്‌കാരം ഏറ്റ് വാങ്ങുമ്ബോള്‍ അദ്ദേഹം എന്നോട് ചോദിച്ചു ‘Are u Bengali actress’ ?.
No sir Malayali.
‘Your dress like Bengali traditional dress ‘.
ഇത്രയെ സംസാരിക്കാന്‍ സാധിച്ചുള്ളൂ, എന്റെ ജീവിതത്തിലെ ഏറ്റവും ഭാഗ്യം നിറഞ്ഞ നിമിഷത്തിലെ, രാജ്യത്തിന്റെ പ്രഥമ പൗരനായിരുന്ന ബഹു:പ്രണവ് മുഖര്‍ജി ഇന്ന് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. മുന്‍ പ്രസിഡണ്ടുമാരായിരുന്നബഹു:കെ ആര്‍ നാരായണനും ബഹു:അബ്ദുല്‍ കലാമുമൊക്കെ ഈ ലോകത്ത് നിന്ന് വേര്‍പിരിഞ്ഞപ്പോള്‍ അനുഭവിച്ചതു പോലെയുള്ള അതേ വിഷമം.അതേ ശൂന്യത. ‘ഓര്‍മകള്‍ക്കില്ല ചാവും ചിതയും ജരാനരകളു’മെന്നിരിക്കെ നമ്മുടെ ഹൃദയങ്ങളില്‍ ഈ ആദരണീയനായ ബഹുമുഖപ്രതിഭയും ജീവിക്കും. മുന്‍ പ്രസിഡണ്ട് ബഹു : പ്രണബ് മുഖര്‍ജിക്ക് പ്രണാമം..