ചെറിയ ചെറിയ വേഷങ്ങളിൽ തുടങ്ങി ഏറ്റവും ഒടുവിൽ മലയാളത്തിലെ സമീപകാലത്തെ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നായ എആർഎമ്മിൽ ടോവിനോ തോമസിനെ നായികയായി വരെ അഭിനയിച്ച നടിയാണ് സുരഭി ലക്ഷ്മി. എആർഎമ്മിനു ശേഷം അതിനോട് ചേർത്തു പറയാവുന്ന ഒരു സിനിമ കാൽവെപ്പ് തന്നെയായിരുന്നു ആഷിക് അബുവിന്റെ റൈഫിൽ ക്ലബ്ബിലൂടെ താരം നടത്തിയത്. ചിത്രത്തിലെ വെടിയും കോപ്പുമായി നിൽക്കുന്ന താരത്തിന്റെ പെർഫോമൻസും ചിത്രത്തിലെ ലിപ് ലോക്ക് സീനുമൊക്കെ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ റൈഫിൽ ക്ലബ്ബിലെ ചുംബനരംഗത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
ചിത്രത്തിൽ അങ്ങനെയൊരു സീൻ ഉള്ളത് തനിക്ക് അറിയില്ലായിരുന്നു എന്നും ഷൂട്ടിങ്ങിന്റെ അന്ന് രാവിലെ തിരക്കഥാകൃത്ത് കൂടിയായ ശ്യാം പുഷ്കരൻ തന്നോട് ഇക്കാര്യം വന്ന് പറയുകയായിരുന്നു എന്നും സുരഭി പറയുന്നു. പൊതുവേ സെറ്റിൽ താനാണ് ഇത്തരത്തിൽ ആളുകളെ പറ്റിക്കാറുള്ളതെന്നും പെട്ടെന്ന് കേട്ടപ്പോൾ തന്നെയും പറ്റിക്കുന്നതാണോ എന്ന സംശയമാണ് തനിക്ക് ആദ്യം വന്നതെന്നും സുരഭി പറയുന്നു. കാര്യങ്ങൾ മനസ്സിലായതോടെ ‘സജീവേട്ടൻ സിഗരറ്റ് വലിക്കുന്നയാളല്ലേ പോയി ബ്രഷ്ചെയ്തിട്ട് വരൂ’ എന്ന് തമാശയ്ക്ക് താൻ കിസ്സ് ചെയ്യേണ്ട നടനോട് പറഞ്ഞുവെന്നും സുരഭി പറയുന്നു.
പൊതുവേ ഇത്തരം സീനുകൾ ചിത്രീകരിക്കുമ്പോൾ നടി- നടൻമാർ അൺ കംഫർട്ടബിൾ ആകാതിരിക്കാൻ വേണ്ടി എല്ലാവരും മാറിനിൽക്കും എന്നാൽ അടുത്തത് കിസിംഗ് സീനാണ് എല്ലാവരും വന്നോയെന്ന് തമാശയ്ക്ക് സെറ്റിൽ താൻ പറഞ്ഞു എന്നും സുരഭി പറയുന്നു.സെറ്റിലുള്ളവരിൽ ലിപ് ലോക്ക് സീനുകൾ ചെയ്തയാൾ നടി ദർശനയാണ്. ഗുരുനാഥ ഇല്ലല്ലോ എങ്ങനെ ചെയ്യുമെന്ന് ചോദിച്ചു. ഓടിപ്പോയി ബ്രഷ് ചെയ്ത് ഏലക്കായ കഴിച്ച് ഓക്കെ റെഡി എന്ന് പറഞ്ഞ് നിന്നു.
അതേസമയം ഇത്തരമൊരു സീൻ വളരെ പ്രൊഫഷണൽ ആയാണ് കണ്ടതെന്നും സീനുമായി ബന്ധപ്പെട്ട ടെക്നിക്കൽ വശങ്ങളിലായിരുന്നു തന്റെ ചിന്ത കൂടുതൽ എന്നും സുരഭി പറയുന്നു. ആ സെറ്റിലെ മുഴുവൻ ആളുകളും ആ സീനിനൊപ്പം ഉണ്ടായിരുന്നു എന്നും സീന് ഒരു ടേക്ക് കൂടി പോകേണ്ടി വന്നു എന്നും സുരഭി പറയുന്നു.