ആസാമില്‍ നിന്നെത്തി ഇരിട്ടി നഗരസഭയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അസാം സ്വദേശിക്ക് വീട് വെച്ച് നല്‍കാനൊരുങ്ങി നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. ഇരിട്ടിയുടെ മരുമകളായി എത്തിയ അസാം സ്വദേശി മുന്‍മിക്കാണ് സുരേഷ് ഗോപി വീട് നിര്‍മിച്ച് നല്‍കാനൊരുങ്ങുന്നത്. നഗരസഭയിലെ പതിനൊന്നാം വാര്‍ഡായ വികാസ് നഗറിലാണ് മുന്‍മി മത്സരിക്കുന്നത്.കണ്ണൂരിൽ തൊഴിലാളിയായ സജേഷ് എന്ന കെ.എന്‍. ഷാജിയെ ഏഴ് വര്‍ഷം മുന്‍പ് വിവാഹം കഴിച്ചതോടെയാണ് ആസാമിലെ ലോഹാന്‍പൂര്‍ ജില്ലയിലുള്ള ബോഗിനടി ഗ്രാമത്തില്‍ നിന്നും മുന്‍മി ഇരിട്ടിയിലെത്തിയ്, ഇപ്പോള്‍ ഊവാപ്പള്ളിയിലെ അയ്യപ്പ ഭജനമഠത്തിന് സമീപം ഒരു വാടക വീട്ടിലാണ് സജേഷും മുന്‍മിയും മക്കളായ സാധികയും ഋതികയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്.
ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ഇരിട്ടി കീഴൂരിലെ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടന്നു. പാരമ്പര്യമായി കോണ്‍ഗ്രസ് കുടുംബമായിരുന്നു തന്റേതെന്ന് മുന്‍മി പറഞ്ഞു. അച്ഛന്‍ ലീലാ ഗൊഗോയിയും അമ്മ ഭവാനി ഗൊഗോയിയും കോണ്‍ഗ്രസ്സുകാര്‍ ആയിരുന്നു. എന്നാല്‍, ഇന്ന് ആസാം അടിമുടി മാറിയെന്നും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ആസാമിലെങ്ങും വന്‍ വികസനം വന്നതോടെ തന്റെ കുടുംബവും മാറി ചിന്തിക്കാന്‍ തുടങ്ങിയെന്നും വ്യക്തമായ മലയാളത്തില്‍ മുന്‍മി പറഞ്ഞു. മലയാളം എഴുതാനും വായിക്കാനും കഴിയാത്തതാണ് പ്രയാസമെന്നും അതുകൂടി സായത്തമാക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് താനെന്നും മുന്‍മി പറഞ്ഞു.