കൊച്ചി : ‘പ്ലീസ് കീപ് എവേ ഫ്രം മീ, നോ ബോഡി ടച്ചിങ്. താങ്ക്യു’ എന്നു പറഞ്ഞ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. കലൂരിൽ ട്രാൻസ്ജെൻഡേഴ്സിന്റെ കേരളപ്പിറവി ദിനാഘോഷത്തിൽ അതിഥിയായി എത്തിയതായിരുന്നു സുരേഷ് ഗോപി.
പരിപാടിക്കുശേഷം പുറത്തേക്കു വരുമ്പോൾ മാധ്യമപ്രവർത്തകർ ഉൾപ്പെടെ ചുറ്റും കൂടി ചോദ്യങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് ‘നോ ബോഡി ടച്ചിങ്’ എന്നു പറഞ്ഞു നടൻ വാഹനത്തിലേക്കു നടന്നുനീങ്ങിയത്. കോഴിക്കോട്ട് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ നടൻ മാപ്പും പറഞ്ഞു.
മുംബൈയിലെ സാമൂഹികസംഘടനയായ പ്രതീക്ഷ ഫൗണ്ടേഷനാണ് ‘കേരളപ്പിറവി ആഘോഷം ട്രാൻസ്ജെൻഡേഴ്സിനൊപ്പം’ പരിപാടി നടത്തിയത്. ഫൗണ്ടേഷൻ ചെയർമാൻ അധ്യക്ഷനായി. വിവിധ മേഖലകളിൽ മികവു തെളിയിച്ച ട്രാൻസ്ജെൻഡർമാരെ ആദരിച്ചു.