തൃശൂർ ∙ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിക്ക് എന്നെ കാണാൻ ആരുടെയും അനുവാദം വേണ്ടെന്നും എപ്പോഴും സ്വാഗതമെന്നും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണു കലാമണ്ഡലം ഗോപി സമൂഹമാധ്യമത്തിൽ നിലപാട് അറിയിച്ചത്.
‘‘സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്നേഹബന്ധം പുലർത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്കു വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതം. അതുപോലെ എന്നെ സ്നേഹിക്കുന്നവർക്ക് എന്നെ കാണാൻ എപ്പോഴും വരാം’’– കലാമണ്ഡലം ഗോപി കുറിപ്പിൽ അറിയിച്ചു.
കലാമണ്ഡലം ഗോപിയുടെ അനുഗ്രഹം തേടാൻ സുരേഷ് ഗോപി വീട്ടിലേക്കുവരാൻ ആഗ്രഹിക്കുന്നതായി പ്രശസ്ത ഡോക്ടർ വിളിച്ചുപറഞ്ഞെന്നും വരേണ്ടെന്നു പറഞ്ഞപ്പോൾ ‘ആശാനു പത്മഭൂഷൺ കിട്ടണ്ടേ’ എന്നു ചോദിച്ചെന്നും ഗോപിയുടെ മകൻ രഘു ഗുരുകൃപ സമൂഹമാധ്യമത്തിൽ എഴുതിയത് വൻ ചർച്ചയായിരുന്നു. ‘അങ്ങനെ എനിക്ക് പത്മഭൂഷൺ വേണ്ട’ എന്നു കലാമണ്ഡലം ഗോപി മറുപടി നൽകിയെന്നും ആ ഗോപിയല്ല ഈ ഗോപിയെന്നു മനസ്സിലാക്കണമെന്നും രഘു അറിയിച്ചു. പോസ്റ്റ് രഘു പിൻവലിച്ചു. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ പേരാമംഗലത്താണു കലാമണ്ഡലം ഗോപിയുടെ വീട്.
കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു സുരേഷ് ഗോപി പ്രതികരിച്ചു.
പാർട്ടിയും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അദ്ദേഹം എനിക്കു ഗുരുതുല്യനാണ്. മണ്ഡലത്തിൽ ആരെയൊക്കെ കാണണമെന്നു പട്ടിക തയാറാക്കിയിരിക്കുന്നതു പാർട്ടിയാണ്. ഗോപിയാശാനെയും കാണാൻ ആഗ്രഹിക്കുന്നുണ്ട്. കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ കലാമണ്ഡലം ഗോപിയാശാനെ ഇനിയും കാണാൻ ശ്രമിക്കും. അദ്ദേഹം അനുവദിക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ മനസ്സിൽ സങ്കൽപിച്ച് ഗുരുദക്ഷിണ ഗുരുക്കന്മാരുടെ ഗുരുവായ ഗുരുവായൂരപ്പനു മുൻപിൽ സമർപ്പിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചിരുന്നു.