Spread the love

ബിജെപിക്കുവേണ്ടി പ്രചരണത്തിനിറങ്ങുന്നതിന് തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായെത്തുകയാണ് സുരേഷ് ​ഗോപി. തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ കെട്ടിയിറക്കിയ എംപിയെന്നോ വിളിച്ചോളൂ, തനിക്ക് വിഷമമില്ല. താൻ ആരാധ്യനായ നരേന്ദ്ര മോദിയുടെ പടയാളിയും ബിജെപി പ്രവർത്തകനുമാണെന്ന് സുരേഷ് ഗോപി പറഞ്ഞു .

വാക്കുകൾ ഇങ്ങനെ, ചാണക സംഘിയെന്ന് വിളിച്ചോളൂ ഗുരുദേവിന്റെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാ, ചിലർ വസിക്കുന്ന പോലെ മറ്റ് മാലിന്യങ്ങൾ കൊണ്ട് മെഴുകിയ തറയിലല്ല നമ്മുടെ വാസം. അത് ചാണകം മെഴുകിയതാണ്, ഞാൻ ലോകം മുഴുവൻ ആരാധകനുള്ള വിശ്വസിക്കാൻ കൊള്ളാമെന്ന് കരുതുന്ന ഒരു നേതാവായ നരേന്ദ്രമോദിയുടെ പടയാളി തന്നെയാണ്. അതിനെ എന്ത് പേരിട്ട് വിളിച്ചാലും കുഴപ്പമില്ല.

ഇടതുപക്ഷം 45 വർഷം കോഴിക്കോട് ഭരിച്ചിട്ടുണ്ട്. നന്മയുടെ നഗരമാണ് കോഴിക്കോട്. ആ നന്മയുടെ നഗരത്തിൽ നിന്ന് അൽപം കുടിവെള്ളം കിട്ടിയിട്ട് മരിച്ചാൽ മതിയെന്ന് എം.ടി വാസുദേവൻനായരെ കൊണ്ട് പറയപ്പിച്ച ഭരണമാണിത്. എന്നിട്ട് ഇപ്പോഴും കുടിവെള്ളം തരാമെന്ന ഇടതിന്റെ പറച്ചിലിന് ഒരു കുറവുമില്ലെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

ബി.ജെ.പി ഭരിക്കുന്ന കല്ലിയൂർ പഞ്ചായത്തിലേക്ക് വന്ന് നോക്കൂ. കേന്ദ്രപദ്ധതികൾ വഴി ഒരു സിനിമാ നടനായ എം.പി, കെട്ടിയിറക്കിയ എം.പി എന്ത് ചെയ്തുവെന്ന് മനസ്സിലാക്കി തരാം. ആയിരം പഞ്ചായത്ത് ഞങ്ങൾക്ക് തരൂ. എന്താണ് ഭരണമെന്ന് കാണിച്ച്‌ തരാം. കേരളം മലയാളികളുടേതാണെങ്കിൽ കേരളത്തിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മലയാളികൾ താമരയ്ക്ക് വോട്ടു ചെയ്യണം. 75 ഡിവിഷനുള്ള കോഴിക്കോട് കോർപ്പറേഷനിൽ 74 ഇടത്തും ബി.ജെ.പി മത്സരിക്കുന്നു. എന്റെ അതിമോഹമാണ് പറയുന്നത്. ഒരു 55 പേരെ തന്നാൽ അല്ലെങ്കിൽ 45 പേരെ തന്നാൽ എന്താണ് ഭരണമെന്ന് കാണിച്ച്‌ തരാമെന്നും സുരേഷ് ഗോപി പറഞ്ഞു.

Leave a Reply