തൃശൂരിൽ ഫോറൻസിക് ലാബ് അനുവദിക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ലാബിന് സ്ഥലം അനുവദിക്കാതെ മനഃപൂർവം തടസം നിൽക്കുന്നവരെ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ മത്സ്യ, മാംസ മാർക്കറ്റിൽ നടത്തിയ എസ്‌ജി കോഫി ടൈം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ അമിത് ഷാ നേരിട്ട് ഇടപെട്ടാണ് തൃശൂരിൽ ഫോറൻസിക് ലാബ് സ്ഥാപിക്കുന്നതിന് എട്ട് ഏക്കർ സ്ഥലം ചോദിച്ചത്. കത്ത് നൽകിയത്. അത് തമിഴ്‌നാടിന് കൊടുത്തോളൂ എന്നുപറഞ്ഞതാണ് എയിംസുമായി ബന്ധപ്പെടുത്തി പറഞ്ഞുണ്ടാക്കിയത്. കേരളത്തിന് നൽകിയ എയിംസ് മറ്റാർക്കും കൊടുക്കാനാകില്ല. അത് സംസ്ഥാനത്തിന്റെ അവകാശമാണ്.
തൃശൂരിൽ ഫോറൻസിക് ലാബ് നടപ്പാക്കാൻ സമ്മതിക്കില്ല എന്നതിൽ രാഷ്‌ട്രീയമുണ്ടെങ്കിൽ അത്തരം രാഷ്ട്രീയത്തിന്റെ സർവനാശം കാണണം. ഞാനും രാഷ്‌ട്രീയം കളിക്കാൻ പോവുകയാണ്. തിരഞ്ഞെടുപ്പ് വരട്ടെ, അപ്പോൾ പൊട്ടിക്കും. എന്തുവേണമെന്ന് തൃശൂർ തീരുമാനിക്കട്ടെ.
ബംഗളൂരുവിൽ നിന്ന് തൃശൂരിലെ മണ്ണുത്തിയിൽ രാത്രികാലങ്ങളിൽ എത്തുന്നവർക്കായി ബസ് സർവീസ് ഏർപ്പെടുത്തണമെന്ന നിർദേശമുണ്ടായി. ഇതിന് മറുപടിയായി 100 ഇലക്‌ട്രിക് ബസുകൾ തരാമെന്ന് കേന്ദ്രം തരാമെന്ന് പറഞ്ഞിട്ടുണ്ട്. സംസ്ഥാന സർക്കാർ സമ്മതിച്ചാൽ ഇതിൽ 25 ബസ് എങ്കിലും തൃശൂരിലേയ്ക്ക് എത്തിക്കാനാകും’-സുരേഷ് ഗോപി പറഞ്ഞു.








