തിരുവനന്തപുരം : കൊൽക്കത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ചുമതലയേൽക്കുമെന്ന് നടനും രാജ്യസഭാ മുൻ എംപിയുമായ സുരേഷ് ഗോപി. സമൂഹമാധ്യമത്തിലെ കുറപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ചയാണ് സുരേഷ് ഗോപിയെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചെന്ന് കേന്ദ്രമന്ത്രി അറിയിച്ചത്.
നിയമനം നടത്തും മുൻപ് അറിയിക്കാത്തതിൽ അതൃപ്തിയുള്ളതിനാൽ ഉടൻ ചുമതലയേൽക്കില്ലെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് ചുമതലയേൽക്കുമെന്ന് താരം തന്നെ അറിയിച്ചത്. ഇതു ശമ്പളമുള്ള ജോലിയല്ലെന്നും പൂർണമായും രാഷ്ട്രീയക്കാരനായി തുടരാൻ സാധിക്കുമെന്നും അനുരാഗ് ഠാക്കൂർ ഉറപ്പു നൽകിയതിനാലാണ് ചുമതലയേറ്റെടുക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ അദ്ദേഹം വീണ്ടും സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് പുതിയ നിയമനം.