അനില്‍ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് നട്‍ സുരേഷ് ഗോപി. മികച്ച കലാകാരനെയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹത്തിന്റെ കഴിവിനെ വളരെയധികം ബഹുമാനിച്ചിരുന്നുവെന്നുമാണ് സുരേഷ് ഗോപി കുറിച്ചത്. അനിലുമായി ഒരുമിച്ച് അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഇപ്പോള്‍ നഷ്ടം പൂര്‍ണമായും തന്റേതാണെന്നും സുരേഷ് ഗോപി പറയുന്നു.
‘മറ്റൊരു മികച്ച കലാകാരനെ കൂടി ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. അദ്ദേഹത്തെ നേരില്‍ കാണാനുള്ള അവസരം ലഭിച്ചിട്ടില്ലെങ്കിലും കഴിവിനെ വളരെയധികം ബഹുമാനിച്ചിരുന്നു. അനിലുമായി ഒരുമിച്ച് അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. എന്റെ നിര്‍മാതാക്കളോട് ഇതിനെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നഷ്ടം പൂര്‍ണമായും എന്റേതാണ്. വിട അനില്‍ നെടുമങ്ങാട്.’-സുരേഷ് ഗോപി കുറിച്ചു.
തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അനില്‍ അപകടത്തില്‍പ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയിലാണ് ഡാമില്‍ കുളിക്കാനിറങ്ങിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് ഇടുക്കി തൊടുപുഴ മുട്ടത്തിനു സമീപം മലങ്കര അണക്കെട്ടില്‍ അനില്‍ മുങ്ങി മരിച്ചത്.