നടിയെ ആക്രമിച്ച കേസിൽ കേസ് അവസാനിപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്ന് നടി പരാതിപ്പെട്ടു. കേസിൽ തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി ആണ് റിപോർട്ടുകൾ. കേസിൽ ദിലീപിൻ്റെ അഭിഭാഷകരെപ്പോലും ചോദ്യം ചെയ്യാതെയാണ് തുടർ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം നടത്തുന്നത്. മേയ് 31-ന് മുമ്പ് അന്വേഷണം പൂര്‍ത്തീകരിക്കേണ്ടത് കൊണ്ടും ഉന്നതങ്ങളിൽ നിന്നുളള സമ്മര്‍ദവുമാണ് ഇത്തരത്തിലൊരു നീക്കം ക്രൈംബ്രാഞ്ചിൻ്റെ ഭാഗത്തുനിന്നുണ്ടാകാൻ കാരണം. ദിലീപിൻ്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെ കേസിൽ പ്രതിയാക്കില്ല. ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തിൽ പ്രതിയാകുന്നത്. ആലുവയിലെ ഹോട്ടൽ-ട്രാവൽസ് ഉടമയായ ശരത്തിനെതിരെ തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടപ്പോൾ പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നതിന് ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചിരുന്നു.