മുംബൈ ∙ ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ, സുഹൃത്ത് നടി റിയ ചക്രവർത്തി, അവരുടെ സഹോദരൻ ഷോവിക്, അച്ഛൻ ഇന്ദ്രജിത് എന്നിവർക്കെതിരെ സിബിഐ 2020ൽ ഇറക്കിയിരുന്ന തിരച്ചിൽ നോട്ടിസ് ഹൈക്കോടതി റദ്ദാക്കി. മൂവരും നൽകിയ ഹർജിയിലാണ് അനുകൂലവിധി. സുപ്രീം കോടതിയെ സമീപിക്കാനായി വിധി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന് സിബിഐ അഭ്യർഥിച്ചെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല.
റിയ ചക്രവർത്തിയും സഹോദരനും അച്ഛനും അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ടെന്നും വിളിച്ചപ്പോഴെല്ലാം സിബിഐ ഓഫിസിൽ ഹാജരായിട്ടുണ്ടെന്നും അറസ്റ്റ് ഒഴിവാക്കാൻ ഇവർ ശ്രമിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. 2020ൽ റജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിക്കുകയോ, കേസ് അവസാനിപ്പിക്കുകയോ ചെയ്തിട്ടില്ല. 2021 സെപ്റ്റംബറിനു ശേഷം ഇവരിൽ ആർക്കും സിബിഐ സമൻസ് അയച്ചിട്ടില്ല. എഫ്ഐആറിൽ പേരുണ്ടെന്നതു ചൂണ്ടിക്കാട്ടി തിരച്ചിൽ നോട്ടിസ് ഇറക്കുന്നതു ശരിയല്ലെന്നും കോടതി വ്യക്തമാക്കി.
2020 ജൂൺ 14നാണ് ബാന്ദ്രയിലെ വസതിയിൽ സുശാന്ത് സിങ് രജ്പുത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റിയയും കുടുംബാംഗങ്ങളുമാണ് സുശാന്തിനെ ആത്മഹത്യയിലേക്കു നയിച്ചതെന്ന് ആരോപിച്ച് നടന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. 2020 ഓഗസ്റ്റിലാണ് തിരച്ചിൽ നോട്ടിസ് ഇറക്കിയത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) റജിസ്റ്റർ ചെയ്ത ലഹരിക്കേസിൽ റിയയെയും സഹോദരനെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.