
മുംബൈ∙ നടൻ സുശാന്ത് സിങ് രജ്പുത്തിന്റെയും മാനേജർ ദിഷ സാലിയന്റെയും മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന നേതാവ് ആദിത്യ താക്കറെയുടെ അടുത്ത അനുയായി ആയിരുന്ന രാഹുൽ കനാൽ. ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ട് രാഹുലിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പ്രതികരണം.
താക്കറെ വിഭാഗവുമായി വഴിപിരിഞ്ഞ രാഹുൽ കഴിഞ്ഞ ദിവസം ഷിൻഡെ വിഭാഗത്തിനൊപ്പം ചേർന്നിരുന്നു. സുശാന്ത്, ദിഷ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട കേസുകൾ നിമിത്തമാണ് താൻ ഷിൻഡെ പക്ഷത്തേക്കു മാറിയതെന്ന് ആരോപണം ഉയരാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിശദമായ അന്വേഷണം വേണമെന്ന ആവശ്യം അദ്ദേഹം ഉയർത്തിയത്.
‘‘സുശാന്ത് സിങ് രജ്പുത്ത്, ദിഷ സാലിയൻ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട കേസുകളുടെ പശ്ചാത്തലത്തിലാണ് ഞാൻ നിങ്ങൾക്കൊപ്പം വന്നതെന്ന് നാളെ ആളുകൾ പറഞ്ഞേക്കാം. അതുകൊണ്ട് ഈ കേസുകൾ ഏറ്റവും കാര്യക്ഷമമായിത്തന്നെ അന്വേഷിക്കണമെന്ന് ഞാൻ നിങ്ങളോട് കൂപ്പുകൈകളോടെ ആവശ്യപ്പെടുന്നു’ – ഏക്നാഥ് ഷിൻഡെ, ഷിൻഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡെ, മറ്റ് എംഎൽഎമാർ എന്നിവരുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേരുമ്പോൾ രാഹുൽ പറഞ്ഞു.
‘‘ഈ കേസുകളിൽ എനിക്ക് എന്തെങ്കിലും പങ്കാളിത്തമുള്ളതായി തെളിഞ്ഞാൽ നിങ്ങൾക്കെന്നെ ചെരിപ്പൂരി അടിക്കാം. ഈ കേസുകളിൽ വിശദമായ അന്വേഷണം നടക്കണം. ഇതിനായി ഞാൻ എവിടെയും പോകാൻ തയാറാണ്. എനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കാനും ഞാൻ തയാർ’ – രാഹുൽ പറഞ്ഞു.