Spread the love

ആവേശം, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളിലെ തന്റെ വർക്കുകൾ ഗ്രാമി അവാർഡിൻ്റെ പരിഗണനയ്ക്കായി ഔദ്യോഗികമായി സമർപ്പിച്ച് സംഗീത സംവിധായകൻ സുഷിൻ ശ്യാം. ബെസ്റ്റ് കോംപിലേഷൻ ഫോർ വിഷ്വൽ മീഡിയ വിഭാഗത്തിലേക്ക് ആവേശവും ബെസ്റ്റ് സ്കോർ സൗണ്ട്ട്രാക്ക് ഫോർ വിഷ്വൽ മീഡിയ വിഭാഗത്തിലേക്ക് മഞ്ഞുമ്മലുമാണ് സുഷിൻ അയച്ചിരിക്കുന്നത്. സുഷിൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

സുഷിന്റെ പോസ്റ്റിന് സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഈ വർഷത്തെ പുരസ്‌കാരം സുഷിൻ സ്വന്തമാക്കുന്നതിനായി കാത്തിരിക്കുന്നതായി പലരും കുറിച്ചു. ‘ആൻഡ് ദി ഗ്രാമി ഗോസ് ടു…’, ‘ഗ്രാമി പോരട്ടെ’, ‘ഇത് സുഷിൻവുഡ്’ ഇങ്ങനെ പോകുന്നു സുഷിന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകൾ.

മലയാളത്തിൽ ഈ വർഷം പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയുണ്ട് ആവേശത്തിലെയും മഞ്ഞുമ്മൽ ബോയ്‌സിലെയും ഗാനങ്ങൾ. ഒപ്പം ഇരുസിനിമകൾക്കും സുഷിൻ നൽകിയ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇരുസിനിമകളുടെയും നട്ടെല്ല് എന്നാണ് സുഷിന്റെ സംഗീതത്തെ പലരും വിശേഷിപ്പിച്ചതും.

നിലവിൽ ബോഗയ്‌ന്‍വില്ലയാണ് സുഷിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമയിലെ രണ്ട് ഗാനങ്ങൾ ഇതിനകം റിലീസ് ചെയ്തിട്ടുണ്ട്.

Leave a Reply