
കാട്ടാക്കട പഞ്ചായത്തിലെ പ്ലാവൂർ, മംഗലയ്ക്കൽ പ്രദേശങ്ങളിൽ ചൂര മീൻ കഴിച്ചവർക്കു ഭക്ഷ്യ വിഷബാധയെന്നു സംശയം. രണ്ടു ദിവസമായി പ്രദേശത്തെ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. അസ്വസ്ഥതയനുഭവപ്പെട്ടു ചികിത്സ തേടിയെത്തിയവരൊക്കെ ചൂര മീൻ കഴിച്ചവരാണ്.
ഇന്നലെ ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ പത്തിലധികം കുട്ടികൾ ചികിത്സ തേടി. വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടാണു ചികിത്സ തേടിയത്. എല്ലാവരും മംഗലയ്ക്കൽ, പ്ലാവൂർ, പാറയിൽ, പാപ്പനം പ്രദേശവാസികളാണ്.
ഞായർ രാത്രി മുതലാണു പലർക്കും അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയത്. പ്ലാവൂരിൽ ഒരു കുടുംബത്തിലെ എല്ലാവർക്കും അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണു സംശയം ഉടലെടുത്തത്. പത്തു വയസ്സുകാരനുൾപ്പെടെ ചികിത്സ തേടി. കുട്ടിയുടെ പിതാവ് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു.