Spread the love

തൃശ്ശൂർ: തൃശ്ശൂരില്‍ കാട്ടാനയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. റബ്ബർ തോട്ടത്തില്‍ ആനയുടെ ജഡം കണ്ടെത്തി. ചേലക്കര മുള്ളൂർക്കര വാഴക്കോടാണ് സംഭവം. ആനയുടെ ജഡം ജെസിബി ഉപയോഗിച്ച് പുറത്തെടുത്തു. ആനയെ വേട്ടയാടിയതിനോ, അപകടപ്പെടുത്തിയതിനോ ശേഷം റബ്ബർ തോട്ടത്തില്‍ കുഴിച്ചിടുകയായിരുന്നുവെന്നാണ് സംശയം. മഞ്ചാട് ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ വരുന്ന പ്രദേശമാണ് വാഴക്കോട്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉള്‍പ്പെടേയുള്ള സംഘം സ്ഥലത്തെത്തി.

ജഡതിൽ നിന്ന് ഒരു കൊമ്പ് നഷ്ടപ്പെട്ട നിലയിലാണ്. കഴിഞ്ഞ ദിവസം കോടനാട് പിടിച്ചെടുത്ത ആനക്കൊമ്പുമായി ഇതിന് സാമ്യമുള്ളതായി തെളിഞ്ഞു.
റോയി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. കാട്ടാനയെ കൊന്ന് കുഴിച്ച് മൂടിയെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വനം വകുപ്പ് നടത്തിയ പരിശോധനയില്‍ ജഡം കണ്ടെത്തുകയായിരുന്നു. ജഡത്തിന് രണ്ട് മാസത്തില്‍ അധികം പഴക്കമുണ്ടെന്നാണ് പ്രാഥമികമായി ഇപ്പോള്‍ സംശയിക്കുന്നത്. ജഡം വേഗം ദ്രവിച്ച് പോകാനായി എന്തെങ്കിലും രാസ വസ്തുകള്‍ ചേർത്തോയെന്ന സംശയവും വനം വകുപ്പിനുണ്ട്.

നിരന്തരമായി കാട്ടാന ശല്യം ഉണ്ടാവുന്ന മേഖലായാണ് വാഴക്കോട്. വാഴാനി വന മേഖലയോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശമാണ് ഇത്. വനത്തില്‍ നിന്നും ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാന വലിയ തോതില്‍ കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു. റബ്ബർ തോട്ടതിന് ചുറ്റം വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഈ വേലിയില്‍ നിന്നും ഷോക്കേറ്റ് ചരിഞ്ഞ ആനയെ വനം വകുപ്പില്‍ വിവരം അറിയിക്കാതെ കുഴിച്ച് മൂടിയതാണെന്നാണ് സംശയം.

ആനയെ കുഴിച്ച് മൂടിയതില്‍ നിരവധി പേർക്ക് പങ്കുള്ളതായിട്ടാണ് സംശയം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച വനം വകുപ്പ് പ്രതികളെയെല്ലാം കണ്ടെത്താനുള്ള നീക്കത്തിലാണ്. സംഭവത്തില്‍ കർശനമായ നടപടിയുണ്ടാവുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Reply