അടൂര്‍: വീട്ടില്‍നിന്ന് പണം അപഹരിച്ചെന്ന സംശയത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവില്‍ വയോധികനെ മര്‍ദിച്ചുകൊന്നെന്ന കേസില്‍ സുഹൃത്ത് അറസ്റ്റില്‍.
ഏഴംകുളം ഒഴുകുപാറ കൊടന്തൂര്‍ കിഴക്കേക്കര വീട്ടില്‍ സുനില്‍ കുമാറിനെ(42)യാണ് അടൂര്‍ പോലീസ് അറസ്റ്റുചെയ്തത്. തേപ്പുപാറ സ്വദേശി വിലങ്ങു മണി എന്നറിയപ്പെടുന്ന മണിക്കുട്ടനെ (60) കൊന്ന കേസിലാണ് അറസ്റ്റ്. ശനിയാഴ്ച പുലര്‍ച്ചെ തേപ്പുപാറ ഒഴുപാറയയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിവുകള്‍ കണ്ടതിനെ തുടര്‍ന്ന് മൃതദേഹം പോലീസ് പരിശോധനയ്ക്ക് അയച്ചു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയില്‍ മര്‍ദനംമൂലം വാരിയെല്ലുകള്‍ ഒടിയുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തതായി തെളിഞ്ഞു. ഇതോടെയാണ് മണിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. സുനിലും മണിക്കുട്ടനും പതിവായി ഒരുമിച്ച് മദ്യപിക്കാറുണ്ട്. ഫെബ്രുവരി ആദ്യ ആഴ്ച സുനിലിന്റെ വീട്ടില്‍ മദ്യപിക്കാനെത്തിയ മണി, അവിടെനിന്ന് 12,000 രൂപ മോഷ്ടിച്ചതായി സുനിലിന് സംശയമുണ്ടായി.
തുടര്‍ന്ന് വ്യാഴാഴ്ച രാത്രി മണിയെ സുനില്‍ വീട്ടിലെത്തിച്ച് ഇക്കാര്യം പറയുകയും പന്നീട് മര്‍ദിക്കുകയുമായിരുന്നു. മണി മരിച്ചെന്ന് അറിഞ്ഞപ്പോള്‍ മൃതദേഹം വീടിന് സമീപത്തെ വഴിയരികിലേക്ക് മാറ്റിയിട്ടു. വീടും മുറികളും കഴുകി വൃത്തിയാക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. വഴിയരികില്‍ മൃതദേഹംകണ്ട നാട്ടുകാരും പഞ്ചായത്തംഗവുമാണ് പോലീസില്‍ വിവരമറിയിച്ചത്.
അവിടെയുണ്ടായിരുന്ന സുനില്‍ ഒന്നും അറിയാത്തപോലെ പെരുമാറി. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് സുനില്‍ പരസ്പരവിരുദ്ധമായ മറുപടി നല്‍കിയത് സംശയത്തിനിടയാക്കി. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ അയാള്‍ കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.