ബെംഗളൂരു ∙ ഇരുമതസ്ഥരായ കമിതാക്കളെന്നു സംശയിച്ച് ബെളഗാവിയിൽ സഹോദരനെയും സഹോദരിയെയും സംഘംചേർന്നു തല്ലിച്ചതച്ച കേസിൽ 9 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച 23 വയസ്സുള്ള യുവാവിനെയും 21 വയസ്സുമുള്ള യുവതിയെയും ആക്രമിച്ച കേസിൽ 17 പേർക്കെതിരെ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഉമർ സാദിഖ്, സെയ്ഫ് അലി, മുഹമ്മദ്, ആതിഫ്, അമൻ, റിഹാൻ, അസൻ എന്നിവരെ കൂടാതെ പ്രായപൂർത്തിയാകാത്ത 2 പേരും അറസ്റ്റിലായതായി ഡിസിപി റോഹൻ ജഗദീഷ് അറിയിച്ചു.
ഇരുവരും തടാകക്കരയിലിരുന്ന് സംസാരിക്കുന്നതിനിടെയാണ് ആൾക്കൂട്ടം വളഞ്ഞത്. സഹോദരങ്ങളാണെന്ന് പറഞ്ഞിട്ടും കേൾക്കാതെ, അടുത്തുള്ള കെട്ടിടത്തിലേക്കു കൊണ്ടുപോയി തല്ലിച്ചതയ്ക്കുകയായിരുന്നു. യുവാവ് രക്ഷിതാക്കളെ ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഇവരെ രക്ഷിച്ചു. ഗുരുതരമായി പരുക്കേറ്റ സഹോദരങ്ങളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.