അമ്മയെയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത: മൂത്തമകന്‍റെ മരണത്തിൽ സംശയങ്ങൾ ഏറുന്നു
കലവൂർ: അമ്മയെയും രണ്ടാൺമക്കളെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഏറുന്നു. അമ്മ ആനി രഞ്ജിത്ത്, ഇളയ മകൻ സുനിൽ രഞ്ജിത്ത് എന്നിവരുടേത് തൂങ്ങിമരണങ്ങളാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. മൂത്തമകൻ ലെനിൻ രഞ്ജിത്തിന്റെ മരണകാരണം അവ്യക്തമാണ്. ശ്വാസംമുട്ടിയുള്ള മരണമായിരിക്കാം എന്നാണ് കണ്ടെത്തലെങ്കിലും ആന്തരികാവയവങ്ങൾ വിശദമായ പരിശോധനയ്ക്കു തിരുവനന്തപുരത്തെ കെമിക്കൽ ലാബിലേക്ക് അയക്കും. അവിടെനിന്നുള്ള ഫലം വന്നതിനുശേഷമേ ലെനിന്റെ മരണകാര്യത്തിൽ വ്യക്തത വരുകയുള്ളു.
മരണങ്ങളിൽ പുറത്തുനിന്നുമുള്ളവർക്കു പങ്കില്ലെന്നുള്ള നിഗമനത്തിലാണു പോലീസ്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഇരുപത്തിമൂന്നാം വാർഡ് കോർത്തുശ്ശേരി കുന്നേൽ വീട്ടിൽ ആനി രഞ്ജിത്ത് മക്കളായ ലെനിൻ രഞ്ജിത്ത്, സുനിൽ രഞ്ജിത്ത് എന്നിവരെ ഞായറാഴ്ച രാവിലെ എട്ടരയോടെയാണു വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആനിയെ വീടിന്റെ മുന്നിലെ മുറിയിൽ തൂങ്ങിനിൽക്കുന്നതായും മക്കൾ രണ്ടു പേരും രണ്ടുമുറികളിലായി കിടക്കയിൽ മലർന്നുകിടക്കുന്നതായുമാണു കണ്ടെത്തിയത്.
തൂങ്ങിമരിച്ചശേഷം സുനിലിനെ കിടക്കയിൽ മറ്റാരോകൊണ്ടു കിടത്തിയതായാണ് പോലീസ് സംശയിക്കുന്നത്. ലെനിൻ മരിച്ചുകിടന്ന മുറിയിൽ തന്നെയാണ് സുനിലും തൂങ്ങിമരിച്ചിട്ടുള്ളതെന്ന നിഗമനത്തിലാണ് പോലീസ്. മൂന്നുപേരിൽ ആദ്യം മരിച്ചത് ആരാണെന്നുള്ളത് വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷമേ വ്യക്തമാകുകയുള്ളു. സഹോദരങ്ങൾ വീട്ടിലിരുന്നു മദ്യപിച്ചശേഷം തമ്മിൽ അടികൂടാറുള്ളത് നിത്യസംഭവമായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. ശനിയാഴ്ച രാത്രിയിലും ഇത്തരത്തിൽ ഇവർ തമ്മിൽ വഴക്കുനടന്നിരുന്നതായി പോലീസ് പറയുന്നു.
മക്കളുടെ അമിതമദ്യപാനവും ശേഷമുള്ള തമ്മിൽത്തല്ലും നിത്യസംഭവമായപ്പോൾ മക്കൾക്കു വിഷംനൽകി താനും തൂങ്ങിച്ചാകുമെന്ന് ആനി പറഞ്ഞിരുന്നതായി സമീപവാസികളും പറയുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിനുശേഷം മൂവരുടെയും മൃതദേഹങ്ങൾ തിങ്കളാഴ്ച രാത്രിയോടെ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.