
പട്ടാമ്പി പാലത്തിന് താഴെ ഭാരതപ്പുഴയില്‍ യുവതിയുടെ മൃതദേഹം കൈപ്പത്തി അറ്റ് അഴുകിയ നിലയില്‍ കണ്ടെത്തി സംഭവത്തിലാണ് ദുരൂഹത. ഗുരുവായൂര്‍ കാരക്കാട് കുറുവങ്ങാട്ടില്‍ വീട്ടില്‍ ഹരിത (28)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് കുറച്ച് അകലെ നിന് യുവതിയുടെ ബാഗുകളും മറ്റും ലഭിച്ചത്. അവിടെ നിന്ന് വീണ്ടും അകലെയാണ് യുവതിയുടെ ബാങ്ക് രേഖകളും ഗുളികകളും അടങ്ങിയ മറ്റൊരു കവറും കണ്ടെത്തിയത്. കവറില്‍ നിന്നും കണ്ടെത്തിയ ബാങ്ക് പാസ് ബുക്കിലുള്ള ഫോൺ നമ്പരിൽ ബന്ധപ്പെട്ടതോടെയാണ് ഹരിതയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. യുവതിയുടെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. യുവതി ഉപയോഗിച്ചിരുന്ന ഫോൺ കാണാതായതുമുതൽ ഇടയ്ക്കിടെ ഓണാകുകയും ഓഫാകുകയും ചെയ്തിരുന്നു. അവസാനമായി ഫോൺ ഓണായത് പട്ടാമ്പി ശങ്കരമംഗലം ഭാഗത്താണ്. ഗുരുവായൂർ സ്വദേശിനിയായ യുവതി പട്ടാമ്പിയിൽ എന്തിനാണ് എത്തിയതെന്ന് കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. തിങ്കളാഴ്ച രാവിലെയാണ് പുഴയിൽ ഇറങ്ങിയ പ്രദേശവാസി യുവതിയുടേതെന്ന് തോന്നിക്കുന്ന മൃതദേഹം തീരത്തോട് ചേർന്ന പുൽക്കാടുകളോട് ചേർന്ന് കിടക്കുന്നത് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഒന്‍പതര മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.