വിറ്റാമിനുകളും ധാതുക്കളുടെയും ഒരു ശക്തികേന്ദ്രങ്ങമാണ് ചെറുപയർ. മലയാളികളുടെ ഭക്ഷണശീലത്തിൽ ചെറുപയറിന് വലിയ സ്ഥാനമാണുള്ളത്. പ്രോട്ടീനിന്റെ നല്ലൊരു ഉറവിടമാണിത്. ആരോഗ്യത്തെയും ആരോഗ്യ വ്യവസ്ഥയെയും പല രീതിയിൽ സ്വാധീനിക്കാനുള്ള കഴിവും ചെറുപയറിനുണ്ട്.
പോഷക സമ്പന്നമാണ് ചെറുപയർ എന്ന് അറിയാമെങ്കിലും പലർക്കും ചെറുപയർ കഴിക്കുന്നത് അത്രയ്‌ക്ക് ഇഷ്ടമായിരിക്കണമെന്നില്ല. അത്തരക്കാരുടെ ഇഷ്ട പലഹാരമാണ് സുഖിയൻ എന്നും മോദകമെന്നും അറിയപ്പെടുന്ന വിഭവം. ചായക്കടയിലെ ചില്ലുകൂട്ടിലിരിക്കുന്ന സ്വാദൂറും സുഖിയൻ വീട്ടിലും തയ്യാറാക്കാം.
ചേരുവകൾ
ചെറുപയർ വേവിക്കുന്നതിനായി
ചെറുപയർ- അര കപ്പ്
വെള്ളം- ഒന്നേ കാൽ കപ്പ്
ഉപ്പ്- ആവശ്യത്തിന്
മാവ് തയ്യാറാക്കുന്നതിനായി
മൈദ- ഒന്നര കപ്പ്
വെള്ളം- ഒന്നേകാൽ കപ്പ്
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
ഉപ്പ്-ആവശ്യത്തിന്
ശർക്കര- 250 ഗ്രാം
തേങ്ങ ചിരകിയത്- ഒരു കപ്പ്
ഏലയ്‌ക്കാപ്പൊടി
ഓയിൽ
തയ്യാറാക്കുന്ന വിധം
മൂന്ന് മണിക്കൂറോളം നേരം ചെറുപയർ വെള്ളത്തിലിട്ട് കുതിർത്തെടുക്കുക. ഉപ്പും ഒന്നേകാൽ കപ്പ് വെള്ളവും ചേർത്ത് വേവിവിച്ചെടുക്കുക.
ഒരു പാത്രത്തിൽ മൈദ, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ വെള്ളമൊഴിച്ച് കട്ടിയില്ലാത്ത വിധത്തിൽ കലക്കിയെടുക്കുക. ലേശം മയം വരുന്നതിനായി അര മണിക്കൂർ അടച്ചുവെക്കുക. മറ്റൊരു പാത്രത്തിൽ ശർക്കര ഉരുക്കിയെടുക്കുക. ഇതിലേക്ക് തേങ്ങ ചിരകിയതും ചേർത്ത് വറ്റിച്ചെടുക്കുക. ചെറുപയർ ചേർത്തിളക്കുക. ഇതിലേക്ക് ഏലയ്‌ക്കാപ്പൊടി ചേർക്കുക.
ഈ കൂട്ട് ചെറിയ ഉരുളകളാക്കി നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മാവിൽ മുക്കി എണ്ണയിൽ പൊരിച്ചെടുക്കുക.