ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്‍റെ ശബ്ദരേഖ പുറത്തുവിട്ട് സ്വപ്ന സുരേഷ്. പാലക്കാട് എച്ച്ആർഡിഎസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്വപ്ന സുരേഷ് ശബ്ദരേഖ പുറത്തുവിട്ടത്. ഷാജ് കിരണിനെ നേരത്തെ അറിയാമെന്നും ശിവശങ്കറാണ് പരിചയപ്പെടുത്തിയതെന്നും സ്വപ്ന സുരേഷ് ശബ്ദരേഖ പുറത്തുവിടുന്നതിന് തൊട്ടുമുമ്പ് പറഞ്ഞു. കളിക്കുന്നത് ആരോടാണെന്ന് അറിയാമോയെന്ന് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ് പറഞ്ഞു. മകളുടെ പേര് പറഞ്ഞാൽ മുഖ്യമന്ത്രിയ്ക്ക് സഹിക്കാൻ പറ്റില്ലെന്നും ഷാജ് പറഞ്ഞുവെന്നും പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിൻവലിച്ചില്ലെങ്കിൽ വീണ്ടും തടവറയിലാക്കുമെന്നും മകനെ കാണാൻ കഴിയാതെയാകുമെന്നും ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ് ആരോപിച്ചു. യാത്രാവിലക്ക് മാറ്റാൻ സഹായിക്കാമെന്ന് എഡിജിപി വിളിച്ചിരുന്നതായും ഷാജ് സ്വപ്നയോട് പറയുന്നത സബ്ദരേഖയിലുണ്ട്. സരിത്തിനെ പൊക്കുമെന്ന് ഷാജ് കിരൺ പറഞ്ഞതിന്‍റെ പിറ്റേദിവസമാണ് സരിത്തിനെ തട്ടിക്കൊണ്ട് പോയത്.
താന്‍ വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്തെന്ന ഷാജ് കിരണിന്‍റെ പരാമര്‍ശത്തോടും സ്വപ്ന സുരേഷ് പ്രതികരിച്ചു. അമ്മയാകില്ലെന്ന ഷാജ് കിരണിന്‍റെ ഭാര്യയുടെ വേദന മനസിലാക്കിയാണ് തനിക്ക് കഴിയുന്നത് ചെയ്യാമെന്ന് താന്‍ പറഞ്ഞത്. കുഞ്ഞിനായി 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. അവരുടെ വേദന മനസിലാക്കിയാണ് പൈസ വേണ്ടെന്നും കുഞ്ഞിനെ തരാമെന്നും ഞാന്‍ അറിയിച്ചത്. ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ നിങ്ങളെ ഞാനൊരു അമ്മയാക്കാമെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്; സ്വപ്ന പറയുന്നു.എല്ലാ റിസ്ക്കും എടുത്ത് ഒരു കുഞ്ഞിനെ നല്‍കാമെന്നാണ് ഞാന്‍ പറഞ്ഞത്. അതിലെന്തേലും കുഴപ്പമുണ്ടേല്‍ ആര്‍ക്കുവേണേലും എന്നെ അടിക്കാമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.