Spread the love

കൊച്ചി∙ ലക്ഷദ്വീപില്‍ സ്വിഗ്ഗി ഭക്ഷ്യ വിതരണ സേവനങ്ങള്‍ തുടങ്ങുന്നു. ദേശവ്യാപകമായി പ്രവര്‍ത്തനമേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ലക്ഷദ്വീപിലെ അഗത്തിയിലാണ് സ്വിഗ്ഗി പ്രവര്‍ത്തനത്തിന് തുടക്കമിടുന്നത്. ഇതോടെ ലക്ഷദ്വീപില്‍ പ്രവേശിക്കുന്ന ആദ്യത്തെ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമാകും സ്വിഗ്ഗി. നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും മികച്ച പ്രാദേശിക റസ്റ്ററന്റുകളില്‍ നിന്നുള്ള ഭക്ഷണ ലഭ്യത ഉറപ്പാക്കാനാണ് സ്വിഗ്ഗി ലക്ഷ്യമിടുന്നത്. പ്രാദേശിക റസ്റ്ററന്റുകളുടെ ശാക്തീകരണത്തിനും ഇതോടെ തുടക്കമാകും.

ദ്വീപിന്റെ മനോഹാരിത മാനിച്ച് തികച്ചും പരിസ്ഥിതി സൗഹൃദ സമീപനമാണ് പ്രവര്‍ത്തനങ്ങളില്‍ സ്വിഗ്ഗി സ്വീകരിക്കുന്നത്. എല്ലാ ഡെലിവറികളും സൈക്കിളില്‍ ആയിരിക്കും. ആദ്യ തവണ സ്വിഗ്ഗി ഉപയോക്താക്കള്‍ക്ക് 100 രൂപ വരെയുള്ള ഓര്‍ഡറുകള്‍ക്ക് 50% കിഴിവ്, ആദ്യ ഓര്‍ഡറുകള്‍ക്ക് സൗജന്യ ഡെലിവറി തുടങ്ങിയ പ്രത്യേക ലോഞ്ച് ഓഫറുകള്‍ ഉണ്ടാകും.
ഉപഭോക്താക്കൾക് സമാനതകളില്ലാത്ത സൗകര്യങ്ങള്‍ നല്‍കുന്നതിന് തുടര്‍ച്ചയായി ശ്രമിക്കുന്നുണ്ടെന്ന് സ്വിഗ്ഗി ഫുഡ് മാര്‍ക്കറ്റ് പ്ലെയിസ് നാഷനല്‍ ബിസിനസ് ഹെഡ് സിദ്ധാര്‍ഥ് ബക്കൂ അറിയിച്ചു. പ്രാദേശിക യുവാക്കള്‍ക്ക് വരുമാന അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം പ്രാദേശിക റസ്റ്ററന്റുകളുമായി സഹകരിക്കാനും ബിസിനസ് വിപുലീകരണത്തില്‍ അവയെ പിന്തുണക്കാനും കഴിയുന്നതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും സിദ്ധാര്‍ഥ് ബക്കൂ അറിയിച്ചു.

Leave a Reply