
വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത ചേലക്കരയിലെ ട്രാവൽസ് ഉടമ പോലീസിന്റെ പിടിയിൽ. തിരൂരങ്ങാടി മമ്പുറം സ്വദേശി തോട്ടുങ്ങൽ മുഹമ്മദ് എന്ന കുഞ്ഞുട്ടി (56) ആണ് പിടിയിലായത്. വിവിധ ജില്ലകളിലെ നാനൂറോളം പേരിൽ നിന്നായി കോടികളാണ് ഇയാൾ തട്ടിയത്. ഖത്തറിലെ ആർമി ക്യാംപിലേക്ക് വിവിധ തസ്തികകളിൽ ജോലിക്കായി വീസ വാഗ്ദാനം ചെയ്താണ് ഇയാൾ കോടികൾ തട്ടിയത്.
ചേലക്കര ടൌണിൽ രഹ്ന ട്രാവൽസ് എന്ന പേരിൽ സ്ഥാപനവും ഒരു ബേക്കറിയും ഇയാൾ നടത്തിയിരുന്നു. ചേലക്കര പോലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ 36 പരാതികൾ ഉണ്ടായിരുന്നു. പണം തട്ടിയശേഷം വിവിധ ലോഡ്ജുകളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ ഷൊർണൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
വിസയ്ക്കായി പണം നൽകിയ കാസർക്കോട്, വയനാട്, മലപ്പുറം, ഗുരുവയൂർ എന്നീ സ്ഥലങ്ങളിലുള്ളവർ ചേലക്കരയിൽ ഇയാളെ അന്വേഷിച്ച് എത്തിയിരുന്നു.
കടം വങ്ങിയും സ്വർണ്ണം പണയം വെച്ചുമാണ് തങ്ങൾ വിസക്ക് പണം നൽകിയതെന്ന് ഇവർ പൊലീസിനോട്. പരാതികൾ കൂടിയതോടെയാണ് പൊലീസ് അന്വേഷമം ഊർജിതമാക്കിയത്. മലപ്പുറം ജില്ലയിലെ കോട്ടക്കൽ പോലീസ് സ്റ്റേഷനിലും, തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ എൽ.പി. വാറൻ്റ് ഉള്ളതായും പോലീസ് പറഞ്ഞു.