കൊവിഡ് നിയന്ത്രണങ്ങളിൽ സി കാറ്റഗറിയിലേക്ക് കടന്നതോടെ തിരുവനന്തപുരത്ത് ഇന്നുമുതൽ രോഗലക്ഷണമുള്ളവരെയെല്ലാം പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കും. പരിശോധിച്ച രണ്ടിലൊരാൾ പോസീറ്റിവാകുന്നതാണ് തിരുവനന്തപുരം ജില്ലയിലെ സാഹചര്യം. കർമ്മപദ്ധതിയില നിർദേശ പ്രകാരം പരിശോധനകൾക്ക് ഇനി സിൻഡ്രോമിക് മാനേജ്മന്റ് രീതിയാണ് അവലംബിക്കുക. രോഗലക്ഷണങ്ങളുള്ളയാളുകൾ പരിശോധിച്ച് പോസീറ്റിവ് സ്ഥിരീകരിക്കണമെന്നില്ല. പരിശോധന കൂടാതെ തന്നെ പോസീറ്റിവായി കണക്കാക്കി ഐസോലേഷനടക്കമുള്ള കാര്യങ്ങൾ പാലിക്കണമെന്നതാണ് അറിയിപ്പ്. രോഗികളുടെ എണ്ണം ഉയർന്ന ഘട്ടത്തിൽ ചികിത്സയിലും ഗുരുതരമാകാൻ സാധ്യതയുള്ളവർക്കാണ് മുൻഗണന. വ്യാപന നിയന്ത്രണത്തിന് ക്ലസ്റ്ററുകളും മൈക്രോ കണ്ടെയിന്മേന്റ് സോണുകളും തിരിച്ചറിഞ്ഞ് പ്രതിരോധിക്കും. സർക്കാരാശുപത്രികൾ ശേഷിയുടെ 70 ശതമാനം പിന്നിട്ടാൽ പിന്നീട് സ്വകാര്യ മേഖലയെ ആശ്രയിക്കും. മുന്നറിയിപ്പിന്റെ അവസാനഘട്ടമായ സി കാറ്റഗറിയിലേക്ക് കടന്നതോടെ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ ഇന്ന് മുതൽ കർശനമാക്കിയിട്ടുണ്ട്. ജില്ലയിൽ ഒരുതരത്തിലുള്ള ആൾക്കൂട്ടവും പാടില്ലെന്നാണ് നിർദ്ദേശം. മാളും ബാറും അടക്കാതെ തിയേറ്റർ അടക്കുന്നതിൽ തിയേറ്റർ ഉടമകളുടെ സംഘടനായായ ഫിയോക് കടുത്ത എതിർപ്പുയർത്തിയിട്ടുണ്ട്.