ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇന്ന് വീണ്ടും പോരിനിറങ്ങുന്നു. സെമി യോഗ്യത നേടാന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡ് ആണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്നത്തെ മത്സരത്തിലും വമ്പന്‍ ജയം തന്നെയാകും വിരാട് കോഹ്ലിയും സംഘവും ലക്ഷ്യമിടുക. നെറ്റ് റണ്‍ റേറ്റില്‍ മുന്നേറ്റം ഉണ്ടാക്കിയാല്‍ മാത്രമേ ഇന്ത്യക്ക് സെമി യോഗ്യത നേടാന്‍ സാധിക്കുകയുള്ളൂ. ഇതുകൂടാതെ ഗ്രൂപ്പിലെ ഒന്ന് രണ്ട് മത്സരങ്ങളുടെ ഫലം അവര്‍ക്ക് അനുകൂലമായി വരികയും കൂടി വേണം. ദുബായില്‍ വൈകീട്ട് 7.30 നാണ് മത്സരം നടക്കുന്നത്.
പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യക്ക് ജയം അനിവാര്യം:
അഫ്ഗാനെതിരേ നേടിയതു പോലെയൊരു വിജയമാണ് സ്കോട്‍ലൻഡിനെതിരെയും ഇന്ത്യ ലക്ഷ്യമിടുന്നത്. വിജയ മാര്‍ജിന്‍ കുറച്ചുകൂടി മെച്ചപ്പെട്ടാല്‍ മാത്രമേ ഇന്ത്യക്ക് റണ്‍റേറ്റില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുകയുള്ളൂ. അഫ്ഗാനെതിരായ വിജയം നെറ്റ് റണ്‍റേറ്റ് മൈനസില്‍ നിന്നും പ്ലസിലെത്തിക്കാന്‍ ഇന്ത്യയെ സഹായിച്ചിരുന്നു. മാത്രമല്ല പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം ടീം മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യ അടങ്ങിയ ഗ്രൂപ്പില്‍ നിന്നും പാകിസ്ഥാന്‍ സെമി യോഗ്യത ഉറപ്പിച്ചുകഴിന്നതിനാല്‍ ബാക്കിയുള്ള ഒരു സ്ഥാനത്തിനായാണ് പോരാട്ടം. ഇതില്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കണം. ടീമുകള്‍ക്കും ഇന്ത്യയെക്കാള്‍ മികച്ച റണ്‍റേറ്റ് സ്വന്തമായുള്ളതിനാല്‍ വമ്പന്‍ മാര്‍ജിനിലുള്ള ജയം നേടുക എന്നത് മാത്രമേ ഇന്ത്യയെ സഹായിക്കൂ.
ഇന്ത്യന്‍ സംഘം ആത്മവിശ്വാസത്തില്‍:
ആദ്യത്തെ രണ്ട് മത്സരങ്ങളിലും തകര്‍ന്നടിഞ്ഞ ഇന്ത്യ, അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഉഗ്രന്‍ തിരിച്ചുവരവാണ് നടത്തിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങിയ താരങ്ങള്‍ മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പിന്നോട്ട് പോകുന്നത് കാണാന്‍ കഴിഞ്ഞില്ല. കളിക്കാരുടെ ശരീരഭാഷയില്‍ ആത്മവിശ്വാസം പ്രകടമായിരുന്നു. സ്കോട്‍ലൻഡിനെതിരെയും ഇതു നിലനിര്‍ത്താന്‍ തന്നെയായിരിക്കും ഇന്ത്യയുടെ ശ്രമം. നിര്‍ണായക ഘട്ടത്തില്‍ ടീം ഒന്നാകെ മികവിലേക്ക് ഉയര്‍ന്നത് ഇന്ത്യന്‍ ആരാധകര്‍ക്കും മാനേജ്മെന്റിനും ആശ്വാസമായിട്ടുണ്ട്.
ടീമില്‍ മാറ്റമുണ്ടായേക്കില്ല:
അഫ്ഗാനെതിരെ ഇറങ്ങിയ അതേ താരങ്ങളുമായി തന്നെയാകും ഇന്ത്യ സ്‌കോട്ട്ലാന്‍ഡിനെതിരേയും ഇറങ്ങുക. ജയിച്ചു നില്‍ക്കുന്ന ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ ക്യാപ്റ്റന്‍ കോഹ്ലിയും തയാറായേക്കില്ല. ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച അശ്വിന്‍ ഇന്നത്തെ മത്സരത്തിലും കളിച്ചേക്കും. ആദ്യത്തെ രണ്ട് മത്സരങ്ങളില്‍ അശ്വിന് അവസരം ലഭിച്ചിരുന്നില്ല.
ടീം ഇന്ത്യക്ക് ഏറെ ആശ്വാസം നല്‍കുന്നത് ഓപ്പണിങ് ജോഡിയായ രോഹിത് ശര്‍മയുടെയും കെ എല്‍ രാഹുലിന്റെയും ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്ക് ഇരുവരും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഇവര്‍ നല്‍കിയ തുടക്കത്തിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ വമ്പന്‍ സ്‌കോര്‍ നേടിയത്. ഓപ്പണര്‍മാരുടെ മികച്ച തുടക്കം മുതലാക്കി മുന്നേറുന്ന ടീമായ ഇന്ത്യക്ക് ആദ്യത്തെ രണ്ട് മത്സരങ്ങളിലും ഓപ്പണിങ്ങില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാത്തതാണ് തിരിച്ചടി ആയത്.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഫിറ്റ്നസിനോടൊപ്പം ഫോമും വീണ്ടെടുത്തത് ഇന്ത്യന്‍ ക്യാംപിനെ കൂടുതല്‍ ആവേശത്തിലാക്കിയിട്ടുണ്ട്. ലോകകപ്പ് ടീമില്‍ ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ സെലക്ടര്‍മാര്‍ക്കു നേരെ ഉയര്‍ന്നിരുന്നു. എന്നാല്‍ അഫ്ഗാനെതിരായ കളിയിലെ മികച്ച പ്രകടനത്തോടെ താന്‍ ടീമിനു എത്രമാത്രം പ്രധാനപ്പെട്ട താരമാണെന്നു ഹാര്‍ദിക് കാണിച്ചുതന്നു.
സ്കോട്‍ലൻഡിനെ സൂക്ഷിക്കണം:
സൂപ്പര്‍ 12ല്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ട സ്കോട്‍ലൻഡിന്റെ സെമി പ്രതീക്ഷ ഇതിനകം അവസാനിച്ചതാണെങ്കിലും സ്‌കോട്ടിഷ് ടീമിനെ അങ്ങനെ എഴുതിത്തള്ളാന്‍ കഴിയില്ല. ഒരുപിടി മികച്ച താരങ്ങള്‍ അവരുടെ സംഘത്തിലുണ്ട്. ക്യാപ്റ്റന്‍ കൈല്‍ കോട്സര്‍ അഗ്രസീവായി ബാറ്റ് ചെയ്യുന്ന ഓപ്പണറാണ്. ഓള്‍റൗണ്ടര്‍ റിച്ചി ബെറിങ്ടണ്‍ അവരുടെ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളാണ്. മറ്റൊരു ഓള്‍റൗണ്ടറായിട്ടുള്ള മൈക്കല്‍ ലീസ്‌കിനെയും സൂക്ഷിക്കണം. വിക്കറ്റ് കീപ്പര്‍ മാത്യു ക്രോസാണ് ശ്രദ്ധിക്കേണ്ട മറ്റൊരു താരം. വെടിക്കെട്ട് ശൈലിയില്‍ ബാറ്റ് ചെയ്യുന്ന ക്രോസ് ഇന്ത്യന്‍ ബൗളിങ് നിരയ്ക്കു ഭീഷണിയായേക്കും.
ബൗളിങില്‍ ഫാസ്റ്റ് ബൗളര്‍ സഫ്യാന്‍ ഷരീഫ്, ബ്രാഡ് വീല്‍ എന്നിവരാണ് സ്‌കോട്ടിഷ് ടീമിലെ മുന്‍നിര താരങ്ങള്‍. സൂപ്പര്‍ 12ലെ ആദ്യ കളിയില്‍ അഫ്ഗാനിസ്ഥാനോട് 130 റണ്‍സിന്റെ വമ്പന്‍ തോല്‍വിയോടെയായിരുന്നു സ്‌കോട്ടിഷ് ടീം വഴങ്ങിയത്. എന്നാല്‍ പിന്നീടുള്ള മല്‍സരങ്ങളില്‍ അവര്‍ കൂടുതല്‍ മെച്ചപ്പെട്ട കളി പുറത്തെടുത്തു. നമീബിയയോടു നാലു വിക്കറ്റിനും കരുത്തരായ ന്യൂസിലന്‍ഡിനോട് 16 റണ്‍സിനുമായിരുന്നു സ്കോട്‍ലൻഡ് കീഴടങ്ങിയത്. കിവീസിനെതിരേയായരുന്നു സ്‌കോട്ടിഷ് ടീം ഏറ്റവും മികച്ച കളി പുറത്തെടുത്തത്. ഒരു ഘട്ടത്തില്‍ കിവീസിസിനെതിരെ ജയം നേടുമെന്ന് തോന്നിച്ചതിന് ശേഷമാണ് അവര്‍ കീഴടങ്ങിയത്.
മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ഇന്ത്യക്ക് സ്‌കോട്ടിഷ് പടയെ തോല്‍പ്പിക്കാന്‍ കഴിയുകയുള്ളൂ. ജയം ഒഴികെ മറ്റെന്തും ഇന്ത്യയുടെ സെമി സാധ്യതകളെ ബാധിക്കുമെന്നതിനാല്‍ കൈമെയ് മറന്ന് ജയത്തിനായി പോരാടുക എന്നത് മാത്രമാണ് വിരാട് കോഹ്ലിക്കും സംഘത്തിനും മുന്നിലുള്ള ഏക പോംവഴി.