Spread the love

സോഷ്യൽമീഡിയയിൽ നിന്ന് ഒരുപാട് വിമർശനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് നടി അനശ്വര രാജൻ. പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ വസ്ത്രധാരണത്തിൽ കൂടുതൽ ശ്രദ്ധ നൽകാറുണ്ടെന്നും താരം പറഞ്ഞു. മീഡിയകൾ വീഡിയോ എടുക്കുന്ന രീതി ശരിയല്ലെന്നും അത് മിക്കപ്പോഴും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും അനശ്വര പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

‘സെലിബ്രി​റ്റി ആയിക്കഴിഞ്ഞാൽ നമുക്ക് മുൻപിൽ എപ്പോഴും ക്യാമറകൾ ഉണ്ടാകും. അപ്പോൾ നമ്മൾ ഒരു പൊതുസ്ഥലത്ത് പോയി എന്തെങ്കിലും ചെയ്താൽ അതിന് വലിയ രീതിയിലുളള വിമർശനങ്ങളും ഉണ്ടാകാറുണ്ട്. മ​റ്റുളളവരുടെ ശ്രദ്ധ നേടിയെടുക്കാനാണ് ഞാൻ പലതും ചെയ്യുന്നതെന്ന് സോഷ്യൽമീഡിയയിൽ പലരും കമന്റ് ചെയ്യാറുണ്ട്. സത്യം പറഞ്ഞാൽ ക്യാമറ ഉളളതുകൊണ്ട് എല്ലാവരും പരമാവധി ശ്രദ്ധിച്ചാണ് പെരുമാറുന്നത്. ചില സമയങ്ങളിൽ അത് ഒരു പ്രശ്നമാകാറുണ്ട്.

പല ദിശയിൽ നിന്നാണ് നമ്മളെ ക്യാമറയിൽ പകർത്തുന്നത്. ഏത് തരം വസ്ത്രം ധരിച്ച ഒരു നടി കാറിൽ നിന്ന് പുറത്തിറങ്ങുമ്പോഴും അവർക്ക് മുകളിലാണ് ക്യാമറ വയ്ക്കുന്നത്. അത് സോഷ്യൽമീഡിയയിൽ പോസ്​റ്റ് ചെയ്യുമ്പോൾ വിമർശനങ്ങൾ ഒരുപാട് വരും. അതിപ്പോൾ എന്റെ മാത്രം അവസ്ഥയല്ല. എന്റെ വീഡിയോ കാണുമ്പോൾ മാത്രമല്ല, പലരുടെയും അങ്ങനെയുളള വീഡിയോകൾ കാണുമ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇതൊരു ട്രെൻഡാണ്.

തീയേ​റ്ററിൽ എത്തുമ്പോൾ പലരും ഇങ്ങനെയാണ് വീഡിയോ എടുക്കുന്നത്. ചിലരോട് ആകാശത്ത് നിന്ന് വീഡിയോ എടുക്കാതെ നേരെ എടുക്കാനും ഞാൻ പറഞ്ഞിട്ടുണ്ട്. ഒരു വേദിയിൽ ഇരിക്കുമ്പോൾ പോലും പല താരങ്ങളുടെയും തലയ്ക്ക് മുകളിലായിരിക്കും വീഡിയോ എടുക്കാനായി ക്യാമറ വയ്ക്കുന്നത്. ഈ ഒരു പ്രശ്നമുളളതുകൊണ്ട് ഒരു പൊതുപരിപാടിയിലോ അല്ലെങ്കിൽ പുറത്തെവിടെയെങ്കിലും പോകുമ്പോൾ വസ്ത്രധാരണത്തിൽ നന്നായി ശ്രദ്ധിക്കാറുണ്ട്’- അനശ്വര വ്യക്തമാക്കി.

Leave a Reply