സിനിമ ജീവിതത്തിൽ നിന്നും വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ദളപതി വിജയ് തിരിഞ്ഞതോടെ താരത്തിന് ബദൽ ഇനി ആര് എന്ന ചോദ്യത്തിന് ഭൂരിഭാഗം പേരും ഉയർത്തിക്കാട്ടിയ പേര് ശിവകാർത്തികേയൻ എന്നതായിരുന്നു. ഇത് ശരി വയ്ക്കുന്ന രീതിയിലായിരുന്നു താരത്തിന്റെ ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം അമരന്റെ വിജയം. ഇപ്പോഴിതാ തന്റെ കരിയറിലെ വിജയ പരാജയങ്ങളെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ആരാധകർ ചർച്ചയ്ക്ക് എടുത്തിരിക്കുന്നത്.
സിനിമ പരാജയപ്പെട്ടാല്‍ സോഷ്യൽ മീഡിയയിലെ സിനിമ ഗ്രൂപ്പുകളിലൂടെ ആളുകൾ എന്നെ മാത്രം ആക്രമിക്കുന്നു. ഇനി ചിത്രം വിജയിച്ചാൽ തനിക്കൊഴിച്ചു ബാക്കി എല്ലാവര്‍ക്കും അതിന്റെ ക്രഡിറ്റും നല്‍കുന്നു. ആളുകളുടെ ഈ വിചിത്ര സമീപനം തനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ലെന്നും എന്നാൽ തന്റെ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള മര്യാദ താൻ കാണിക്കാറുണ്ടെന്നും താരം പറഞ്ഞു.
പ്രിൻസ് എന്ന ഒരു സിനിമയുടെ തിരക്കഥയില്‍ പാളിച്ചകളുണ്ടായി. തീരുമാനം എന്റേതായിരുന്നു. അതിനാല്‍ പ്രതിഫലം കുറച്ച് തിരിച്ചുകൊടുത്തിട്ടുണ്ട്. വിജയിക്കുമ്പോള്‍ ഞാൻ മാത്രമാണ് അര്‍ഹനെന്ന് പറയാറില്ല ഒരിക്കലും. ഞാൻ വിജയം ആസ്വദിക്കുകയും ചെയ്യാറുണ്ട്. കാരണം പരാജയത്തിന്റെ ഉത്തരാവദിത്തം ഏറ്റെടുക്കുന്നുണ്ട്. അതിനാല്‍ വിജയം ആഘോഷിക്കാനുള്ള അവകാശം തനിക്ക് ഉണ്ടെന്നും അഭിപ്രായപ്പെടുന്നു നടൻ ശിവകാര്‍ത്തികേയൻ.