കേരളാ പൊലീസ് സൈബർഡോം കോഴിക്കോട് വികസിപ്പിച്ചെടുത്ത സുരക്ഷിതവും കാര്യക്ഷമവും ഉപയോക്തൃ സൗഹൃദവുമായ ചാറ്റ്ബോട്ട് സേവനം ‘ടോക് ടു കേരള പോലീസ്’ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തുന്നതിന് ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരുടെ സഹകരണത്തോടെ കേരളാ പൊലീസ് ആരംഭിച്ച പദ്ധതിയാണിത്. ഉയർന്നു വരുന്ന സൈബർ ഭീഷണികളെ പൊലീസിന്റെ സഹായത്തോടെ നേരിടാൻ ലക്ഷ്യമിടുന്ന, സൈബർ സുരക്ഷയിലും കാര്യക്ഷമമായ പൊലീസിംഗിനുള്ള സാങ്കേതികവിദ്യ വർദ്ധിപ്പിക്കുന്നതിനുമുള്ള സൈബർ സെന്റർ ഓഫ് എക്‌സലൻസാണ് സൈബർ ഡോം.
ഈ ചാറ്റ്ബോട്ട് സേവനം ഗൂഗിൾ അസിസ്റ്റന്റിനോട് “ടോക് ടു കേരള പോലീസ്” എന്ന വാക്ക് ഉപയോഗിച്ച് അഭ്യർത്ഥിക്കാം. ചാറ്റ് ബോട്ട് സർവീസ് ഉപയോഗിക്കാൻ ആൻഡ്രോയ്ഡ് ഫോണും ഇന്റർനെറ്റ് കണക്ഷനും മാത്രം മതി. ഫോണിലെ ഹോം ബട്ടൺ മൂന്ന് സെക്കന്റ് നേരം പ്രസ് ചെയ്താൽ ഗൂഗിൾ അസിസ്റ്റന്റ് ആക്ടിവേറ്റ് ആകും, തുടർന്ന് “ടോക് ടു കേരള പോലീസ്” എന്നു പറഞ്ഞു കേരള പൊലീസിന്റെ പോർട്ടലിൽ കയറുക. ശേഷം കണ്ട കുറ്റകൃത്യം പറയുക. ഈ സമയം ആവശ്യമായ സേവനം അല്ലെങ്കിൽ നിർദേശം കേരള പൊലീസിന്റെ പോർട്ടലിൽ നിന്നും ലഭിക്കും. മൂന്ന് ഘട്ടങ്ങളായാണ് പൊതുജനങ്ങൾക്ക് ആവശ്യമായ സേവനം വിരൽത്തുമ്പിൽ ലഭിക്കുന്നത്. ഇതിനായി ഒരു തരത്തിലുള്ള അപ്ലിക്കേഷനുകളും ഡൌൺലോഡ് ചെയ്യേണ്ട ആവശ്യം വരുന്നില്ല.