
തൊണ്ണൂറ്റി നാലാമത് ഓസ്കർ അവാർഡ്സിൽ ഇന്ത്യയുടെ ഓസ്കാർ എൻട്രിയായി തമിഴ് ചിത്രം ‘കൂഴാങ്കൽ’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരത്തിനു വേണ്ടിയാണ് ‘കൂഴാങ്കൽ’ മത്സരിക്കുക. ഷാജി എൻ കരുൺ ചെയർ പേഴ്സണായ 15 അംഗസമിതിയാണ് ചിത്രം തിരഞ്ഞെടുത്തത്. ഈ വർഷം ആദ്യത്തിൽ ടൈഗർ പുരസ്കാരവും ചിത്രം നേടിയിരുന്നു. നയൻതാരയും വിഘ്‌നേശ് ശിവനും ചേർന്ന് നിർമ്മിച്ച ‘കൂഴാങ്കൽ’ മുഴുകുടിയനായ ഒരച്ഛന്റെയും മകന്റെയും കഥയാണ്
ലോകമെമ്പാടും ഉള്ള എൻട്രികളിൽ നിന്നും മൂന്ന് ചിത്രങ്ങളാണ് അവസാന റൗണ്ടിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. വിദ്യാബാലൻ നായികയായ ‘ഷേർണി’, ‘സർദാർ ഉദ്ദം’ എന്നിവയായിരുന്നു അവസാനറൗണ്ടിൽ ‘കൂഴാങ്കലി’ന് ഒപ്പം മത്സരിച്ച ചിത്രങ്ങൾ. മലയാളം ചിത്രം നായാട്ടും ഷോർട്ട്ലിസ്റ്റിൽ ഉണ്ടായിരുന്നു. ഫെബ്രുവരിയോടെ ഓസ്കർ നോമിനേഷൻസ് പ്രഖ്യാപിക്കും. 2022 മാർച്ച് 27 ന് ലോസ് ഏഞ്ചൻസിലാണ് 94–ാമത് ഓസ്കർ പുരസ്കാര സമർപ്പണച്ചടങ്ങ് നടക്കുക.