Spread the love

ചെന്നൈ∙ ഇന്ത്യയെ രക്ഷിക്കാൻ തമിഴ്‌നാടും കേരളവും ഇരട്ടക്കുഴൽ തോക്കുപോലെ പ്രവർത്തിക്കണമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്നും ഭരണഘടന സംരക്ഷിക്കുമെന്നു സത്യപ്രതിജ്ഞ ചെയ്ത മോദി, നിലവിൽ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും ‌സ്റ്റാലിൻ പറഞ്ഞു. ചെന്നൈയിൽ മുതിർന്ന മാധ്യമപ്രവര്‍ത്തകൻ ബി.ആർ.പി. ഭാസ്കറിന്റെ പുസ്തക പ്രകാശന വേദിയിലായിരുന്നു സ്റ്റാലിന്റെ പരാമർ‌ശം. വൈവിധ്യം, മതേതരത്വം, സാമൂഹ്യനീതി തുടങ്ങിയ ആശയങ്ങളെല്ലാം വെല്ലുവിളി നേരിടുന്നതായി സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ 10 വർഷത്തിനകം അധികാരത്തിലെത്തുമെന്ന് 1957ൽ ബി.ആർ.പി. പ്രവചിച്ചതും സ്റ്റാലിന്‍ പ്രസംഗത്തിൽ പരാമർശിച്ചു. ഏഴു പതിറ്റാണ്ടിലേറെയായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായ ബി.ആർ.പി. ഭാസ്കർ രചിച്ച ‘ദ് ചേഞ്ചിങ് മിഡിയാസ്കേപ്’ എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. ചടങ്ങിൽ പങ്കെടുത്ത സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പുസ്തകം ഏറ്റുവാങ്ങി.ആരാധനാലയങ്ങൾക്കരികിൽ ദലിതരെത്തിയാൽ ചുട്ടുകൊല്ലമെന്ന് പറയുന്ന ധർമത്തെ സംരക്ഷിക്കണോയെന്ന് എം.എ. ബേബി ചോദിച്ചു. മതങ്ങൾ സ്ത്രീ തുല്യത അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യം വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് മാധ്യമസ്വാതന്ത്ര്യം അനിവാര്യമാണെന്ന് ബി.ആർ.പി. ഭാസ്കർ പ്രതികരിച്ചു. കേരള മീഡിയ അക്കാദമിയുടെ മീറ്റ് ദ് പ്രസ് പരിപാടിക്കൊപ്പമാണ് പുസ്തക പ്രകാശനം നടന്നത്.

Leave a Reply