ബസിൽ വെച്ച് സ്ത്രീകളെ തുറിച്ച് നോക്കിയാൽ ഇനി മുതൽ കേസെടുക്കാം. മോട്ടോർ വാഹനനിയമം പുതുക്കി തമിഴ്നാട്. അശ്ലീല ആംഗ്യങ്ങൾ കാണിക്കുക, സ്ത്രീകളോട് മോശമായി പെരുമാറുക, ലൈംഗിക അതിക്രമം നടത്തുക എന്നിവയെല്ലാം പുതുക്കിയ നിയമം പ്രകാരം ഗുരുതരമായ കുറ്റങ്ങളായി കണക്കാക്കും.യാത്ര ചെയ്യുന്നതിനിടയിൽ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പരാതിയുണ്ടായാൽ യാത്രക്കാരനെ ബസ്സിൽ നിന്ന് പുറത്താക്കി പൊലീസ് സ്റ്റേഷനിൽ എത്തിക്കേണ്ടത് കണ്ടക്ടറുടെ ചുമതലയാണ്. സ്ത്രീകളെ നോക്കി ചൂളമടിക്കുക, തുറിച്ച് നോക്കൽ, ലൈംഗികമായി സ്പർശിക്കൽ, മൊബൈലിൽ സ്ത്രീകളുടെ ഫോട്ടോയോ വീഡിയോയോ എടുക്കൽ എന്നിവയെല്ലാം കുറ്റകരമായ പ്രവൃത്തികളാണ്. സഹായിക്കുകയെന്ന നാട്യത്തിൽ ബസ്സിൽ നിന്ന് ഇറങ്ങുമ്പോഴോ കയറുമ്പോഴോ സ്ത്രീയെ മോശമായി സ്പർശിച്ചാൽ കണ്ടക്ടർക്കെതിരെ നടപടി ഉണ്ടാവുമെന്നും പുതുക്കിയ മോട്ടോർ വാഹനനിയമം പറയുന്നു. കണ്ടക്ടർമാർ സ്ത്രീകളെക്കുറിച്ച് മോശമായ കമന്റുകളോ, ലൈംഗികച്ചുവയോടെ ഉള്ള പരാമർശങ്ങളോ, തമാശകളോ പറഞ്ഞാലും ശിക്ഷ ലഭിക്കും.ഇത് കൂടാതെ ബസ്സിൽ പരാതികൾ എഴുതി വെക്കുന്നതിന് വേണ്ടി ഒരു പുസ്തകം വെക്കേണ്ടതും കണ്ടക്ടറുടെ ഉത്തരവാദിത്വമാണ്. യാത്രകളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ പുതുക്കിയ മോട്ടോർ വാഹനനിയമം പ്രഖ്യാപിച്ചിട്ടുള്ളത്.