Spread the love

വാക്സീൻ ഉൽപാദനം ആരംഭിക്കാനൊരുങ്ങി തമിഴ്നാട്. കേരളത്തിൽ എന്ന്?


ചെന്നൈ : വാക്സീൻ ഉൽപാദനം ആരംഭിക്കാൻ ഒരുങ്ങി തമിഴ്നാട്. ചെങ്കൽപ്പെട്ടിലെ എച്ച്‌എൽ‌എൽ വാക്സീൻ കോംപ്ലക്‌സിലും കൂനൂരിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലും കേന്ദ്രസംഘത്തിന്റെ പരിശോധനകൾ പൂർത്തിയായി. ഇനി കേന്ദ്രത്തിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണു സംസ്ഥാനം. കോവിഡ് -19 വാക്സീൻ ഉൽപാദനത്തിനായി എച്ച്‌എൽ‌എൽ വാക്സീൻ കോംപ്ലക്സ് പാട്ടത്തിന് തമിഴ്‌നാട് സർക്കാരിന് കൈമാറാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കാൻ സുപ്രീം കോടതിയിൽ തമിഴ്നാട് ഹർജിയും നൽകിയിട്ടുണ്ട്. ഉൽപാദനത്തിനു തയാർ
സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കുമായി കരാറുണ്ടാക്കി വാക്സീൻ ഉൽപാദിപ്പിക്കാനാണു തമിഴ്നാടിന്റെ ശ്രമം. കൂനൂരിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടും വാക്സീൻ ഉൽപാദനത്തിനു പര്യാപ്തമാണ്. ജീവനക്കാരുടെ എണ്ണം കുറവാണെന്നും തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും ചൂണ്ടിക്കാട്ടി 2012 മുതൽ എച്ച്എൽഎൽ വാക്സീൻ കോംപ്ലക്സ് അടച്ചിട്ടിരിക്കുകയാണ്.
തമിഴ്നാട് സർക്കാരിന് വാക്സീൻ സമുച്ചയം കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര സർക്കാരിന് കത്തെഴുതിയിരുന്നു. 
നേരത്തേ, കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ഉടൻതന്നെ വാക്സീൻ ഉൽപാദനം ആരംഭിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് തയാറാണെന്ന് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യനും പറഞ്ഞിരുന്നു, എന്നാൽ, കേന്ദ്രസർക്കാർ മറുപടി വൈകുന്നതാണു തിരിച്ചടിയാകുന്നത്. ചെങ്കൽപ്പെട്ടിലെ വാക്സീൻ ഉൽപാദന കേന്ദ്രം പൂർണ സജ്ജമാണെന്നും പ്രവർത്തനം നിരീക്ഷിക്കാൻ സമിതി രൂപീകരിച്ചതായും തമിഴ്നാട് ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണൻ പറഞ്ഞു. 
എന്നാൽ,കേരളത്തിൽ റഷ്യൻ വാക്സീൻ ആയ സ്പുട്നിക് നിർമാണ യൂണിറ്റിനുള്ള സാധ്യതയാണു സജീവ പരിഗണനയിൽ. പ്രാഥമിക ചർച്ചകൾ പൂർത്തിയായ ശേഷം തുടർനടപടികളിലേക്കു കടക്കും. സ്പുട്നിക് ഉൽപാദിപ്പിക്കുന്ന റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ് ഫണ്ടുമായാണ് ആശയവിനിമയം നടത്തുന്നത്. ഇന്ത്യയിലെ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരുമായും അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ട്. 
ഇന്ത്യയിൽ സ്പുട്നിക് നിർമാണത്തിന് അനുമതി നേടിയ കമ്പനികൾക്ക് ഉൽപാദന യൂണിറ്റ് തുടങ്ങാൻ  സൗകര്യമൊരുക്കുകയെന്ന നിർദേശവും സർക്കാരിനു മുന്നിലുണ്ട്. സഹകരണത്തിനു തയാറാകുന്ന കമ്പനികളുടെ ആവശ്യപ്രകാരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. 10 കോടി രൂപ ബജറ്റിൽ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. പാർക്കിൽ കഴിഞ്ഞ വർഷം തുടങ്ങിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‍ഡ് വൈറോളജിക്കായിരിക്കും പദ്ധതിയുടെ ഏകോപനച്ചുമതല. 
കേരളത്തിൽ വാക്സീൻ നിർമാണത്തിനു 3 ഘട്ട പദ്ധതി വേണമെന്നാണു സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. എന്നാൽ, പ്രവർത്തനങ്ങൾ പതിയെ പുരോഗമിക്കുന്നതേയുള്ളൂ. ആദ്യഘട്ടത്തിൽ വാക്സീൻ ബോട്ടിലിൽ നിറച്ചു വിതരണം ചെയ്യുന്ന ഫിൽ ഫിനിഷ് കേന്ദ്രവും രണ്ടാം ഘട്ടത്തിൽ പുതിയ വാക്സീൻ നിർമാണ യൂണിറ്റുകളും മൂന്നാം ഘട്ടത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുമായി സഹകരിച്ചു ഗവേഷണ വികസന കേന്ദ്രവും നിർമിക്കാൻ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ 8 വാക്സീൻ നിർമാണ കമ്പനികളുമായി ചർച്ച ചെയ്ത ശേഷമാണു സമിതിയുടെ നിർദേശങ്ങൾ. 
താൽപര്യപത്രം ക്ഷണിച്ചു യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളെ കണ്ടെത്തണം. ഡോ.എസ്.ചിത്രയെ ഡയറക്ടർ ആയി നേരത്തേ നിയമിച്ചിരുന്നു. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.പി.സുധീർ ചെയർമാനായ സമിതിയിൽ കോവിഡ് മാനേജ്മെന്റ് സംസ്ഥാനതല വിദഗ്ധ സമിതിയംഗം ഡോ.ബി. ഇക്ബാൽ, ഹൈദരാബാദ് ഡോ. റെഡ്ഡീസ് ലബോറട്ടറിയിലെ വാക്സീൻ വിദഗ്ധൻ ഡോ. വിജയകുമാർ, ആരോഗ്യ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ ഡോ.എം.ജി. രാജമാണിക്യം എന്നിവർ അംഗങ്ങളാണ്.
കൂടാതെ,200 കോടി രൂപയുടെ വാക്സീൻ പ്ലാന്റിന്റെ നിർമാണ പദ്ധതി കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെഎസ്ഡിപി) സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. കോവിഡ് വാക്സീൻ ഉൾപ്പെടെയുള്ളവ നിർമിക്കാവുന്ന അത്യാധുനിക പ്ലാന്റിനുള്ള പദ്ധതിയാണ് വ്യവസായ വകുപ്പ് വഴി നൽകിയത്. സർക്കാർ അംഗീകാരം ലഭിച്ചാൽ 2 വർഷത്തിനുള്ളിൽ പ്ലാന്റ് സ്ഥാപിക്കാം. വാക്സീൻ കോൺസെൻട്രേറ്റ് എത്തിച്ച് കോവിഡ് വാക്സീൻ വയലുകൾ തയാറാക്കാനുള്ള ശുപാർശയും സർക്കാരിനു മുന്നിലുണ്ട്. അതിന് 10 കോടിയോളം രൂപയാണ് ചെലവ്. വാക്സീൻ കോൺസെൻട്രേറ്റ് ഇറക്കുമതി ചെയ്ത് ഓരോ ഡോസ് ഇൻജക്‌ഷൻ കുപ്പികളിൽ (വയൽ) നിറച്ചു നൽകുന്നതാണ് പദ്ധതി.

Leave a Reply