Spread the love
പാലക്കാട്: അന്തര്‍ സംസ്ഥാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കി തമിഴ്‌നാട്‌. കേരളത്തില്‍ കോവിഡ് വ്യാപന തോതു കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണു നടപടി. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ദേശീയപാതയില്‍ ഒരുക്കിയ ബാരിക്കേഡുകള്‍ പൂര്‍ണമായി മാറ്റി.
ഇന്നലെ മുതല്‍ പരിശോധന കൂടാതെ വാഹനങ്ങള്‍ ദേശീയപാതയിലൂടെ കടത്തിവിട്ടു തുടങ്ങി. നേരത്തെ കോവിഡ് വ്യാപന തോതു കുറഞ്ഞിട്ടും തമിഴ്നാട് പരിശോധന തുടര്‍ന്നതും നിയന്ത്രണങ്ങള്‍ പിന്‍വലിക്കാതിരുന്നതും കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ വലച്ചിരുന്നു. കേരളത്തില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി മാറ്റിയപ്പോഴും അന്തര്‍ സംസ്ഥാന യാത്ര മാത്രം നിയന്ത്രണത്തിലായിരുന്നു. സ്ഥിരമായി തമിഴ്നാട്ടിലേക്കു ജോലിക്കു പോവുന്ന തൊഴിലാളികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ വലിയ പ്രയാസം നേരിട്ടിരുന്നു.
യാത്രക്കാരുടെ നിരന്തര പരാതിയെ തുടര്‍ന്നു പാലക്കാട് ജില്ലാ ഭരണകൂടം കോയമ്ബത്തൂര്‍ ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു നിയന്ത്രണങ്ങള്‍ നീക്കിയത്. കേരളത്തില്‍ വാക്സിനേഷന്‍ ഏറെക്കുറെ പൂര്‍ണമായതിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണു നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയത്.
നിലവില്‍ യാത്രാ വാഹനങ്ങള്‍ക്കു പാസും സര്‍ട്ടിഫിക്കറ്റും ഇല്ലാതെ തമിഴ്നാട്ടിലേക്കു കടക്കാം. അതേസമയം ജാഗ്രത കൈവിടരുതെന്നും യാത്രക്കാര്‍ നിര്‍ബന്ധമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കോയമ്ബത്തൂര്‍ ജില്ലാ ഭരണകൂടവും ചാവടി പൊലീസും അറിയിച്ചു. കേരളത്തിലേക്കു വരുന്ന വാഹനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളും ഭാഗികമായി പിന്‍വലിച്ചിട്ടുണ്ട്. യാത്രാ പ്രതിസന്ധിക്ക് പൂര്‍ണ പരിഹാരം ആകണമെങ്കില്‍ ബസ്‌ സര്‍വീസ് കൂടി പുനരാരംഭിക്കണം.

Leave a Reply