കപ്പയുടെ വില കിലോഗ്രാമിന് 20 രൂപയിൽനിന്ന് 60 ആയി ഉയർന്നു. ഈ വിലയ്ക്കുപോലും കിട്ടാത്ത സ്ഥിതിയുമുണ്ട്. മുൻവർഷത്തെ വിലയിടിവ്, കാട്ടുപന്നിശല്യം, കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കാരണം കൃഷി കുറഞ്ഞതാണ് കപ്പവില കൂടാൻ കാരണം. അടുത്ത കാലത്തെ ഏറ്റവുംവലിയ വിലയാണിപ്പോൾ. വിലക്കയറ്റം സംഭരണത്തെയും കപ്പകൊണ്ടുള്ള വിഭവനിർമ്മാണത്തെയും പ്രതികൂലമായി ബാധിക്കും.
കഴിഞ്ഞ സീസണിൽ കപ്പയുടെ മൊത്തവില എട്ടുരൂപവരെയായി താഴ്ന്നിരുന്നു. അന്ന് 20 രൂപയ്ക്കായിരുന്നു ചില്ലറവിൽപ്പന. വാങ്ങാൻ ആളില്ലാതെ വന്നപ്പോൾ കിട്ടിയ വിലയ്ക്ക് കപ്പ വിൽക്കാൻ കർഷകർ നിർബന്ധിതരായി. ചെലവാക്കിയ തുകപോലും കിട്ടാതെവന്നു. കൂലി വർധനവും രാസവളത്തിന്റെ വിലക്കൂടുതലും ചിലപ്രദേശങ്ങളിൽ കാട്ടുപന്നി നാശം വരുത്തിയതും പ്രശ്‌നമായി. ഒരുചാക്ക് പൊട്ടാഷിന് 900 രൂപയിൽനിന്ന് 1500 രൂപയായതും കൃഷി കുറയാൻ കാരണമായി.