ഇടുക്കി മറയൂരിൽ ബീഫ് കഴിച്ച യുവാക്കൾക്ക് ഊരുവിലക്ക്. ഊരിലെ ആചാരഅനുഷ്ഠാനങ്ങൾക്കും, വിശ്വാസങ്ങൾക്കും വിരുദ്ധമായി യുവാക്കൾ ബീഫ് കഴിച്ചെന്നതാണ് കുറ്റം. മറയൂര്‍ പെരിയകുടി, കമ്മാളം കുടി, വേങ്ങപ്പാറ, നെല്ലിപ്പട്ടികുടി, കുത്തുകൽ, കവക്കുട്ടി എന്നീ ആദിവാസിക്കുടികളിലെ 24 യുവാക്കൾക്കാണ് വിലക്ക്. വിലക്ക് വന്നതോടെ വീടുകളിൽ കയറാനോ ബന്ധുക്കളുമായി സംസാരിക്കാനോ പറ്റുന്നില്ലെന്നാണ് യുവാക്കൾ പറയുന്നത്. കുട്ടികളെ നോക്കാൻ പറ്റുന്നില്ലെന്നും സാമ്പത്തിക പ്രശ്നത്തിലാണെന്നും ഊരുവിലക്കപ്പെട്ട ഇവർ പറയുന്നു. ശ്രത്രുക്കളെ പോലെയാണ് പലരും പെരുമാറുന്നതെന്നും എന്തെങ്കിലും സംഭവിക്കുമോയെന്ന ഭയമുണ്ടെന്നും അവർ ആശങ്കപ്പെടുന്നു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.