സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ നിന്ന് അംഗീകാരമുളള സ്കൂളുകളിലേക്ക് ചേരാൻ ടി സി നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. രണ്ടു മുതൽ 8 വരെ ക്ലാസ്സുകളിൽ വയസ് അടിസ്ഥാനത്തിലും 9,10 ക്ലാസുകളിൽ വയസിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം ലഭ്യമാക്കും.
അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി വി.ശിവൻകുട്ടി ചുമതലപ്പെടുത്തി.
സ്പെഷ്യൽ സ്കൂൾ പാക്കേജ് തുക വിതരണം ചെയ്യുന്നതിന് സമഗ്ര മാനദണ്ഡ രേഖ സർക്കാർ പുറത്തിറക്കി. ധനസഹായ വിതരണത്തിന് സ്കൂളുകളെ ഗ്രേഡിംഗ് നടത്തി തെരഞ്ഞെടുക്കുന്നതിനാണ് സമഗ്ര മാനദണ്ഡ രേഖ പുറത്തിറക്കിയത്. സ്പെഷ്യൽ പാക്കേജ് വിതരണം കാര്യക്ഷമമാകാനും സുതാര്യമാകാനും സമ്പൂർണ്ണ മാനദണ്ഡ രേഖ ഏറെ പ്രയോജനം ചെയ്യുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
മാനദണ്ഡങ്ങൾ പുതുക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ സ്കൂളുകളുടെ സംഘടനയും മാനേജ്മെന്റുകളും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിക്ക് നിവേദനം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (അക്കാദമിക്) ചെയർമാനായ സമിതി റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ച് ഉത്തരവിറക്കിയത്.