Spread the love

കൊച്ചി ∙ അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ഇന്ന് കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യൽ അവസാനിച്ചതിനാൽ കസ്റ്റഡി നീട്ടാൻ എൻഐഎ ആവശ്യപ്പെട്ടേക്കില്ല എന്നാണ് സൂചന. സവാദിനെ കൂടി ഉള്‍പ്പെടുത്തിയുള്ള പുതിയ കുറ്റപത്രം എൻഐഎ വൈകാതെ കോടതിയിൽ സമർപ്പിക്കുമെന്ന് പറഞ്ഞു. കൈവെട്ടു കേസില്‍ ഒന്നാം പ്രതിയായ സവാദിനെ സംഭവശേഷം 13 വർഷം കഴിഞ്ഞാണ് എൻഐഎ അടുത്തിടെ കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ഇത്രയും കാലം ഒളിവില്‍ കഴിയാൻ ആരൊക്കെയാണ് സവാദിനെ സഹായിച്ചത് എന്നതാണ് എൻഐഎ പ്രധാനമായും അന്വേഷിച്ചത്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായം ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട് എന്നാണ് എൻഐഎ കരുതുന്നതും.

സവാദിനായി രാജ്യത്തിനകത്തും പുറത്തും ഊർജിതമായ അന്വേഷണം നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെയാണ് കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ ഇയാൾ‍ ഒളിവിൽ കഴിഞ്ഞിരുന്നത്. ഒടുവിൽ അറസ്റ്റിലാകുമ്പോൾ ഷാജഹാന്‍ എന്ന പേരിൽ മരപ്പണി ചെയ്യുകയായിരുന്നു. ഇതിനിടെ വിവാഹം കഴിക്കുകയും രണ്ടു കുട്ടികളുടെ പിതാവാകുകയും ചെയ്തു. സവാദിനെ അടുത്തിടെ നടന്ന തിരിച്ചറിയിൽ പരേഡിൽ പ്രഫ. ടി.ജെ.ജോസഫ് തിരിച്ചറിഞ്ഞിരുന്നു. പ്രവാചകനെ അപകീർത്തിപ്പെടുന്ന വിധത്തിൽ ചോദ്യപേപ്പർ തയാറാക്കി എന്നാരോപിച്ച് 2010 ജൂലൈ ആറിനാണ് പ്രതികൾ പ്രഫ. ജോസഫിന്റെ കൈവെട്ടിയത്.

Leave a Reply