Spread the love
കുട്ടികളുടെ തെറ്റുകൾ തിരുത്താൻ അധ്യാപകർക്ക് അവകാശമുണ്ട്; ശിക്ഷയെ ക്രൂരതയായി കാണാനാകില്ല: കോടതി

കൊച്ചി: വിദ്യാർത്ഥികളുടെ തെറ്റ് തിരുത്താൻ അധ്യാപകർക്ക് അവകാശമുണ്ടെന്ന് കോടതി. ഓണസദ്യയില്‍ തുപ്പിയ വിദ്യാര്‍ഥികളെ അടിച്ചതിന് പ്രധാന അധ്യാപികയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.ഇന്ത്യന്‍ സംസ്‌കാരം അധ്യാപകരെ മാതാപിതാക്കള്‍ക്കു തുല്യമായാണ് കാണുന്നത്. വിദ്യാര്‍ഥികളുടെ തെറ്റുകളെയും വികൃതിത്തരങ്ങളെയും തിരുത്താനുള്ള അവകാശം അധ്യാപകർക്കുണ്ട്. അത് അവരുടെ ചുമതലയാണെന്നും കോടതി നിരീക്ഷിച്ചു.

വടക്കേക്കര ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ പ്രധാന അധ്യാപിക ഐഡ ലോപ്പസാണ് ഹർജി സമർപ്പിച്ചത്. സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തിനിടയിൽ സ്‌കൂളിലെ ഒന്നാം നിലയിൽ നിന്നിരുന്ന വിദ്യാർത്ഥികൾ താഴെ വെച്ചിരുന്ന ഓണസദ്യയിലേക്കു തുപ്പിയെന്ന ആരോപണത്തിലായിരുന്നു പ്രധാനാധ്യാപിക കുട്ടികളെ തല്ലിയത്. നാലാം ക്ലാസ് വിദ്യാർത്ഥികളായ കുട്ടികളെ അധ്യാപിക ശകാരിക്കുകയും മർദിക്കുകയും ചെയ്തു.

തുടർന്ന് മാതാപിതാക്കളിൽ ഒരാൾ അധ്യാപികയ്ക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധ്യാപിക വിദ്യാർത്ഥികളെ തല്ലിയതെന്ന് പൊലീസ് കോടതിയിൽ പറഞ്ഞു. കുട്ടികളെ വെയിലത്ത് നിർത്തുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ അധ്യാപകര്‍ കുട്ടികളെ തിരുത്താനായി ഇടപെടുന്നത് ക്രൂരതയായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു.

Leave a Reply