ദുബായ്: പോലീസ് പട്രോളിംഗ് വാഹനത്തിനുനേരെ കാറ് ഇടിച്ചുകയറ്റിയ സംഭവത്തിൽ 14ഉം 15ഉം വയസ്സുള്ള രണ്ട് കൗമാരക്കാരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. അൽ വാർഖ പ്രദേശത്താണ് സംഭവമുണ്ടായത്. വളരെ അശ്രദ്ധമായിയും യാത്രികരുടെ ജീവൻ അപകടത്തിലാക്കും വിധത്തിലാണ് പ്രതികൾ വാഹനമോടിച്ചതെന്നും, അൽ റാഷിദിയ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ സയീദ് ബിൻ സുലൈമാൻ അൽ മാലിക് പറഞ്ഞു. അമിത വേഗതയിലെത്തിയ കാർ പോലീസ് പട്രോളിംഗ് സംഘം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അത് വകവെക്കാതെ പൊലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ സഹോദരൻ അറിയാതെ അയാളുടെ വാഹനമെടുത്താണ് 14കാരനും കൂട്ടുകാരനും കറങ്ങാനിറങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ലൈസൻസില്ലാതെ അശ്രദ്ധമായി വാഹനമോടിച്ചതിനും റോഡിലൂടെ യാത്ര ചെയ്തിരുന്ന മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കിയതിനും മനപൂർവ്വം ഒരു പോലീസ് കാറിൽ ഇടിച്ചതിനും പൊതു സ്വത്ത് നശിപ്പിച്ചതിനും രണ്ട് പേരെയും ദുബായ് പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കി.