ഒരു തരത്തിൽ പറഞ്ഞാൽ വാട്സാപ്പിനേക്കാൾ ഏറെ മികച്ച സൗകര്യങ്ങളോടുകൂടിയ മെസേജിങ് പ്ലാറ്റ്ഫോം ആണ് ടെലഗ്രാം. വാട്സാപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുന്ന പലവിധ സൗകര്യങ്ങളും വളരെ നേരത്തെ തന്നെ ലഭ്യമാക്കിയിട്ടുണ്ട് ഈ പ്ലാറ്റ്ഫോമിൽ. എന്നാൽ ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി നിയമവിരുദ്ധ ഉള്ളടക്കങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ പ്രചരിക്കുകയാണ് ടെലഗ്രാമിൽ.
നിരവധി പുതിയ സിനിമകൾ നിയമവിരുദ്ധമായി പ്രചരിപ്പിക്കുന്ന പൈറസി ഗ്രൂപ്പുകളും, അഡൾട്ട് ഗ്രൂപ്പുകളും, പോണോഗ്രഫി ഗ്രൂപ്പുകളും സജീവമായി ടെലഗ്രാമിൽ നിലനിൽക്കുന്നു. ലളിതമായ സെർച്ചുകളിലൂടെ ഈ ഉള്ളടക്കങ്ങൾ ആർക്കും ലഭ്യമാവും എന്ന അവസ്ഥയാണുള്ളത്.
പുതിയ സിനിമകൾ റിലീസ് ചെയ്യുന്നയിടം
ആമസോൺ പ്രൈമിലും, ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും നെറ്റ്ഫ്ളിക്സിലുമെല്ലാം റിലീസ് ചെയ്യുന്ന സിനിമകളും സീരീസുകളുമെല്ലാം മണിക്കൂറുകൾക്കുള്ളിൽ ടെലഗ്രാമിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പൈറസി ഗ്രൂപ്പുകൾ അതിവേഗം നീക്കം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇതിനെ മറികടക്കാൻ ബാക്ക് അപ്പ് ഗ്രൂപ്പുകൾ എന്ന പേരിൽ നേരത്തെ തന്നെ പുതിയ ഗ്രൂപ്പുകൾ ഉണ്ടാക്കി വെക്കുകയും അതിന്റെ ലിങ്ക് സജീവമായ ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും ചെയ്യുന്നു. പല ഗ്രൂപ്പുകളിലും അംഗമാകാതെ തന്നെ അതിലെ ഉള്ളടക്കങ്ങൾ കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കുമെന്നതും ഉപഭോക്താക്കൾക്ക് നേട്ടമാകുകയാണ്.
അഡൾട്ട് ഗ്രൂപ്പുകൾക്കും സമാനമായ പ്രവർത്തനശൈലി
വീഡിയോകൾ, ചിത്രങ്ങൾ അടങ്ങുന്ന ഉള്ളടക്കങ്ങളാണ് സാധാരണ നിലയിൽ ഇത്തരം പ്ലാറ്റ്ഫോമുകൾ തങ്ങളുടെ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചും ഉപഭോക്താക്കളുടെ റിപ്പോർട്ടുകളിലൂടെയും നീക്കം ചെയ്യുന്നത്. എന്നാൽ അശ്ലീല സംഭാഷണങ്ങളും ചൈൽഡ് പോണോഗ്രഫിയും ലൈംഗിക പീഡനങ്ങളും ഉൾപ്പടെ വിഷയമായി വരുന്ന ആശയവിനിമയങ്ങൾ നടത്തുന്നതും അവരുടെ കൂട്ടായ്മയുണ്ടാവുന്നതും നിയന്ത്രിക്കാനുള്ള സംവിധാനം ടെലഗ്രാമിലോ മറ്റ് പ്ലാറ്റ്ഫോമുകൾക്കോ ഇല്ല. ഇങ്ങനെയൊക്കെ ആണെങ്കിലും അശ്ലീല വീഡിയോകൾ നിർബാധം ടെലഗ്രാമിലൂടെ പ്രചരിക്കപ്പെടുന്നുണ്ട്. ചൈൽഡ് പോണോഗ്രഫി വീഡിയോകൾ നേരിട്ട് ഇത്തരം പ്ലാറ്റ്ഫോമുകളിൽ വരുന്നതിന് വലിയ നിയന്ത്രണമുണ്ട്. എന്നാൽ ഈ നിയന്ത്രണങ്ങൾ മറികടക്കാനുള്ള വഴിയും സൈബർ കുറ്റവാളികൾ കണ്ടെത്തിയിട്ടുണ്ട്.
ഗൂഗിൾ ഡ്രൈവിന് സമാനമായ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളെ പ്രയോജനപ്പെടുത്തി. ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ അപ് ലോഡ് ചെയ്യുകയും ആ ഫോൾഡറിന്റേയോ ഫയലിന്റേയോ ലിങ്കുകൾ ടെലഗ്രാം വഴിയും വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും പ്രചരിപ്പിക്കുകയാണ്. ലിങ്കുകൾ കാശിന് വിൽക്കുന്ന സംഘവുമുണ്ട്. ഇങ്ങനെ പങ്കുവെക്കുന്ന ലിങ്കുകൾ സൃഷ്ടിച്ചതും കൈകാര്യം ചെയ്തതും പക്ഷെ ഈ വിതരണക്കാർ തന്നെയാവണമെന്നില്ല. തങ്ങൾക്കു കിട്ടിയ ലിങ്കുകൾ ഇവർ മറിച്ചുവിൽക്കുകയാണ്. ഇത്തരം ലിങ്കുകളിൽ മാൽവെയറുകൾ ഉൾപ്പടെയുള്ള അപകടങ്ങളും ഉണ്ടായേക്കും.
വാട്സാപ്പ് ഗ്രൂപ്പിലെ ചൈൽഡ് പോണോഗ്രഫി ഗ്രൂപ്പുകളെ കുറിച്ച് കുറച്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ മാതൃഭൂമി ഡോട്ട്കോം വാർത്ത നൽകിയിരുന്നു. ഇപ്പോഴും അത്തരം ഗ്രൂപ്പുകൾ നിലനിൽക്കുന്നുമുണ്ട്. ഇത്തരം തേഡ്പാർട്ടി സേവനങ്ങളുടെ ലിങ്കുകൾ വഴി നിയമവിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിക്കുന്നുമുണ്ട്.
പ്രായപൂർത്തിയാവാത്ത കുട്ടികളിലേക്കും പോണോഗ്രഫിയെത്തുന്നു
ആൻഡ്രോയിഡ് സ്മാർട്ഫോൺ കയ്യിലുള്ള കുട്ടികൾക്ക് എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്ന ആപ്ലിക്കേഷനാണ് ടെലഗ്രാം. ഇത് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് വളരെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്തെടുക്കാവും. ലളിതമായൊരു ഗൂഗിൾ സെർച്ചിൽ ഇത്തരം ടെലഗ്രാം ലിങ്കുകൾ ലഭ്യമാണ്. ചെറുതും വലുതുമായി നിരവധി ചാനലുകളും ഗ്രൂപ്പുകളും ഈ രീതിയിൽ പ്രവർത്തിക്കുന്നുമുണ്ട്. ഈ ലിങ്കുകളിൽ നിന്ന് ലിങ്കുകളിലേക്ക് വ്യാപിക്കുന്ന ശൃംഖലയാണ് ടെലഗ്രാമിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങളും ആശയവിനിമയങ്ങളും നടക്കുന്ന ചാനലുകൾക്കുള്ളത്. പ്രൈവറ്റ് ചാനലുകളും ഗ്രൂപ്പുകളും സാധാരണ സെർച്ചിൽ കണ്ടെത്താൻ സാധിക്കില്ലെങ്കിലും ഇത്തരം പബ്ലിക്ക് ഗ്രൂപ്പുകൾ വഴിയും മറ്റും ആ ഗ്രൂപ്പുകളിലേക്കുള്ള താല്കാലിക ലിങ്കുകൾ പ്രചരിക്കുന്നുണ്ട്.
മാതാപിതാക്കളിൽ നിന്ന് മറച്ചുവെക്കുക എളുപ്പം
ടെലഗ്രാമിലെ സ്വകാര്യത ഫീച്ചറുകൾ ദുരുപയോഗം ചെയ്ത് അതിവേഗം ഈ ഗ്രൂപ്പുകളിൽ നിന്ന് പിൻവലിയാനും രണ്ട് വ്യക്തികൾ തമ്മിലുള്ള ചാറ്റുകൾ ഇരുകക്ഷികൾക്കും കാണാനാവാത്ത വിധം നീക്കം ചെയ്യാനും സാധിക്കുന്ന സൗകര്യങ്ങൾ ടെലഗ്രാമിലുള്ളത് ടെലഗ്രാമിലെ ഇടപെടൽ ഒറ്റനോട്ടത്തിൽ മറ്റാരും അറിയാതിരിക്കാനുള്ള എളുപ്പവഴിയാവുകയാണ്. മറ്റുള്ളവരിൽ നിന്ന് ഫോൺനമ്പർ മറച്ചുവെക്കാനും യൂസർ ഐഡി മാറ്റാനുമുള്ള സൗകര്യം ഉപഭോക്താവിന് മറ്റ് ഉപഭോക്താക്കളിൽ നിന്ന് സ്വകാര്യത നൽകുകയും ചെയ്യുന്നത് ടെലഗ്രാം വഴിയുള്ള ഇടപെടലുകൾക്ക് പ്രോത്സാഹനമാകുന്നുണ്ട്.
നിയമവിരുദ്ധ ഇടപെടലുകളുടെ പേരിൽ കുപ്രസിദ്ധമായ ടെലഗ്രാം
വളരെ നേരത്തെ തന്നെ നിയമവിരുദ്ധ ശക്തികളുടെ സാന്നിധ്യം ചൂണ്ടിക്കാണിച്ച് ടെലഗ്രാം വിമർശനം നേരിടുന്നുണ്ട്. തീവ്രവാദ, ഭീകരവാദ ഗ്രൂപ്പുകൾപോലും ആശയ പ്രചാരണത്തിനായി ടെലഗ്രാം ഉപയോഗിച്ചിരുന്നു. വ്യാജ നമ്പറുകൾ ഉപയോഗിച്ച് അക്കൗണ്ട് സൃഷ്ടിക്കാൻ ആകുന്നതും ഇതിന് സഹായകമാവുന്നു. ഗ്രൂപ്പുകൾ ബാൻ ചെയ്തും നീക്കം ചെയ്തും ടെലഗ്രാം ഇതിന് നടപടി സ്വീകരിക്കുന്നുണ്ട്. എന്നാൽ അവയൊന്നും കർശനമോ പര്യാപ്തമോ ആവുന്നില്ല.
ചൈൽഡ് പോൺ കാണുന്നത് തന്നെ കുറ്റകരം: പോലീസ്
ടെലഗ്രാമിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പിന്തുടരുന്നതിനുള്ള തകൃതിയായ ശ്രമങ്ങൾ പോലീസിന്റെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്. പലപ്പോഴും ഇത്തരം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവർ വിദേശത്ത് നിന്നുള്ളവരാണെന്നത് നടപടി സ്വീകരിക്കുന്നതിന് വെല്ലുവിളിയാവുന്നുണ്ടെന്നാണ് കോഴിക്കോട് സൈബർ പോലീസ് സ്റ്റേഷൻ സിഐ ദിനേശ് കോറോത്ത് പറയുന്നത്. പ്രധാനമായും സാമ്പത്തിക തട്ടിപ്പുകളാണ് ഇത്തരം പ്ലാറ്റ്ഫോമുകൾ വഴി നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. ചൈൽഡ് പോണോഗ്രഫി വെബ്സൈറ്റുകൾ തിരയുന്നവരെ കണ്ടെത്താനുള്ള പരിശോധനകളും പരാതികളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണങ്ങളും സൈബർ പോലീസ് നടത്തിവരുന്നുണ്ട്. അത് കാണുന്നത് തന്നെ കുറ്റകരമാണ്.