Spread the love

അയോധ്യ∙ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ രാമക്ഷേത്രം ഭക്‌തർക്ക് ദർശനത്തിനായി തുറന്നു. ചൊവ്വാഴ്ച രാവിലെയാണ് പൂജകൾക്ക് ശേഷം ദർശനം തുടങ്ങിയത്. ക്ഷേത്രപരിസരവും അയോധ്യയുമെല്ലാം ഭക്‌തരാൽ തിങ്ങി നിറഞ്ഞു. വലിയ ജനക്കൂട്ടമാണ് ദിവസങ്ങൾക്ക് മുൻപ് തന്നെ കൊടുംതണുപ്പു വകവയ്ക്കാതെ ക്ഷേത്രദർശനത്തിനായി എത്തിയത്.

ചൊവ്വാഴ്ച പുലർച്ചയോടെ തന്നെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനായി ഭക്തർ ക്ഷേത്രത്തിന് മുന്നിൽ തമ്പടിക്കുകയായിരുന്നു. ദിവസവും രാവിലെ ഏഴു മുതൽ ഉച്ചയ്‌ക്ക് 11.30 വരെയും ഉച്ചയ്‌ക്ക് രണ്ടുമുതൽ വൈകിട്ട് ഏഴുവരെയുമാണു ദർശനം അനുവദിക്കുക. പുലർച്ചെ 6.30ന് ജാഗരൺ ആരതിയോടെ ക്ഷേത്രം തുറക്കും. വൈകിട്ട് 7.30ന് സന്ധ്യാ ആരതിയോടെ നട അടയ്‌ക്കും. ഉച്ചയ്ക്ക് 12നും ആരതിയുണ്ടാകും.

ആരതി ചടങ്ങുകളിൽ പങ്കെടുക്കാൻ ശ്രീരാമ ജന്മഭൂമിയുടെ ഓഫിസിൽ നിന്നോ, വെബ് സൈറ്റിൽ നിന്നോ പാസ് നേടണം. വിശേഷ ദിവസങ്ങളിൽ 16 മണിക്കൂർ വരെ ക്ഷേത്രം തുറക്കും. തിങ്കളാഴ്ട ഉച്ചയ്ക്കു 12.30നായിരുന്നു രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ. കാശിയിലെ പുരോഹിതൻ ലക്ഷ്മീകാന്ത് ദീക്ഷിത് മുഖ്യകാർമികത്വം വഹിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യയജമാനനായി.

ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതും മോദിക്കൊപ്പം അർച്ചനയിലും പൂജയിലും പങ്കെടുത്തു. യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ് തുടങ്ങിയവർ മുഖ്യാതിഥികളായി. രാജ്യത്തിന്റെ വിവിധ മേഖലകളുടെ പ്രതിനിധികളായി ക്ഷണിക്കപ്പെട്ട എണ്ണായിരത്തോളം അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു പ്രതിഷ്ഠാ ചടങ്ങുകൾ. ക്ഷേത്രത്തിന്റെ ബാക്കിയുള്ള നിർമാണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply