നടനും താരസംഘടനയായ അമ്മയുടെ ഭാരവാഹികളിൽ ഒരാളുമായ സിദ്ദിഖിനെതിരെ രൂക്ഷ വിമർശനങ്ങളുമായി മുതിർന്ന മാധ്യമപ്രവർത്തകൻ റ്റി.ജെ.എസ് ജോർജ്. സിദ്ദിഖിന് ഒരു സ്ത്രീലമ്പടന്റെ രൂപമാണെന്നും അദ്ദേഹത്തിന്റെ മുഖമുദ്ര ധിക്കാരമാണെന്നും റ്റിജെഎസ് പറയുന്നു. ഇത്തവണ പുറത്തിറങ്ങിയ സമകാലിക മലയാളം ആഴ്ചപതിപ്പിലാണ് റ്റിജെഎസിന്റെ വിമർശനങ്ങൾ. വിയോജനക്കുറിപ്പ് എന്ന കോളത്തിൽ ഒരു ധിക്കാരിയുടെ ഗർവ്വും ബുദ്ധിശൂന്യതയും എന്ന തലക്കെട്ടിലാണ് റ്റിജെഎസിന്റെ സിദ്ദിഖിനെതിരെയുളള രൂക്ഷ വിമർശനങ്ങൾ. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനൊപ്പം അണിനിരന്നത്, സിദ്ദിഖിനെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ, ഭാര്യയുടെ ആത്മഹത്യ എന്നിവ മുൻനിർത്തിയാണ് കുറിപ്പ്.
ധിക്കാരമാണ് നടൻ സിദ്ദിഖിന്റെ മുഖമുദ്ര. ഫെയ്സ്ബുക്കിൽ കിട്ടുന്ന ഒരു ഡസൻ പടങ്ങൾ ഒന്ന് ഓടിച്ചു നോക്കുക. ഒരു ഫോട്ടോയിൽ സഹജീവി സ്നേഹമോ, ഒരു നേരിയ മന്ദസ്മിതമോ കണ്ടാൽ ഭാഗ്യം. സാധാരണഗതിയിൽ ആ മുഖത്ത് പ്രതിഫലിക്കുന്നത് ഗർവ്വാണ്. കലർപ്പില്ലാത്ത ഞാൻ, ഞാൻ എന്ന ഗർവ്വ്. അടുത്തകാലത്ത് ഒരു പൊതുവേദിയിൽ ഇത് പ്രകടമായതാണ്. ഒരു മനോരമ കോൺക്ലേവിൽ വിശേഷിച്ച് ഒരു പ്രലോഭനവും ഇല്ലാതെ, പെട്ടെന്ന് സിദ്ദിഖ് തുറന്നടിച്ചു. മാധ്യമങ്ങളാണ് എന്നെ വേട്ടയാടി, എന്റെ സ്വകാര്യത ഇല്ലാതാക്കുന്നത്.
പൊതുജനങ്ങളുടെ കൈയടി ആവശ്യപ്പെടുന്നവരുടെ പ്രൈവസിക്ക് ചില പരിമിതികൾ ഉണ്ടെന്ന വസ്തുത ഒരു സാർവലൗകിക യാഥാർത്ഥ്യമാണ്. പൊതുജനം എന്നെ ഹൃദയത്തിൽ ഉൾക്കൊളളണമെന്നും എന്നാൽ എന്റെ സ്വകാര്യതയിൽ തൊടരുതെന്നും ഒരു ശ്വാസത്തിൽ പറയുന്നത് ധിക്കാരം മാത്രമല്ല, ബുദ്ധിശൂന്യതയും കൂടിയാണ്. ഒപ്പം ഇത്ര നല്ല ഒരു മാന്യനെ തലതിരിഞ്ഞ മാധ്യമങ്ങൾ എന്തിന് വേട്ടയാടുന്നു എന്ന ചോദ്യവും ഉയരുന്നു. വാസ്തവത്തിൽ പെൺബലഹീനതകളെ ചൂഷണം ചെയ്യാൻ പ്രമാണികൾ ഇറങ്ങിത്തിരിച്ചപ്പോൾ അവരെ വേട്ടയാടാൻ ചിലരെങ്കിലും ധൈര്യപ്പെട്ടല്ലോ എന്നത് സമൂഹത്തിന് ഒരാശ്വാസമായിട്ടാണ് കാണേണ്ടത്.
ബയോഡാറ്റ എന്ന ചരിത്രസംഹിത തയ്യാറാക്കിയാൽ സിദ്ദിഖ് എന്ന മനുഷ്യന്റെ വ്യക്തിത്വം തെളിഞ്ഞുവരുന്നത് കാണാം. നടി ആക്രമിക്കപ്പെട്ട കേസിലാണ് ടിയാൻ തന്റെ ഒറ്റയാൻ സവിശേഷത എടുത്തുകാട്ടിയത്. ആക്രമിക്കപ്പെട്ട നടിയുടെ നിസ്സഹായതയിൽ പൊതുസമൂഹത്തിന് സഹതാപം തോന്നിയപ്പോൾ ആക്രമണത്തിന് മുതിർന്നയാളുടെ വശത്താണ് സിദ്ദിഖ് സ്ഥാനമുറപ്പിച്ചത്. എന്റെ സ്നേഹിതന്റെ വാക്കുകളല്ലാതെ മറ്റൊന്നും വിശ്വസിക്കാൻ എനിക്ക് സാദ്ധ്യമല്ല എന്നായിരുന്നു ന്യായീകരണം. ചെയ്തത് ക്രിമിനൽ കുറ്റമാണെന്ന് സ്നേഹിതനെ ബോദ്ധ്യപ്പെടുത്തി നന്മയുടെ വഴിക്ക് തിരിയാൻ തക്ക പൗരബോധം ഇല്ലാതെ പോയതാണ് കാരണം.
സാമാന്യമര്യാദകൾ പോലും അവഗണിച്ച് നിരന്തരം മുന്നേറുന്ന ഒരു സ്ത്രീലമ്പടന്റെ രൂപമാണ് ആരോപണങ്ങളിൽ നിന്നും വിമർശനങ്ങളിൽ നിന്നും രൂപപ്പെടുന്നത്. തന്റെ ചെയ്തികൾ സ്വാർത്ഥപരമാണെന്ന സത്യം ആർക്കും ഒറ്റനോട്ടത്തിൽ മനസ്സിലാകുമെന്ന വസ്തുത, ഒന്നുകിൽ അദ്ദേഹം അറിയുന്നില്ല, അല്ലെങ്കിൽ അറിഞ്ഞിട്ടും കൂട്ടാക്കുന്നില്ല. സാധാരണക്കാർ കൂട്ടാക്കുന്ന കാര്യങ്ങൾ ധിക്കാരികൾ കൂട്ടാക്കാറില്ലല്ലോ.