Spread the love
ലോകത്തിനു മുൻപിൽ ചരിത്രം രചിക്കാൻ തലശേരി

തെയ്യം, തിറ എന്നീ അനുഷ്ടാന കലകളുടെയും അവയ്‌ക്കൊപ്പം സാംസ്‌കാരിക അടയാളങ്ങളുടെ മ്യുസിയം, ആർട്ട് ഗാലറി , തെയ്യം വില്ലേജ് ഉൾപ്പെടെ ഹെറിറ്റേജ് അഥവാ പൈതൃക സംബന്ധിയായ വിഷയങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും അത്തരം കലാപ്രവർത്തനങ്ങൾ ഉറപ്പു വരുത്തുന്നതിനും നാഷണൽ സെന്റർ ഫോർ ടാഞ്ചിബിൾ ആൻഡ് ഇന്റൻജിബിൾ കൾച്ചറൽ ഹെറിറ്റേജ് ( തെയ്യം -കല -അക്കാദമി)എന്ന കേരള സർക്കാർ സംസ്കാരിക വകുപ്പ് സ്ഥാപനം തലശേരിയിൽ. ചൊക്ലിയിൽ പ്രവർത്തിക്കുന്ന തെയ്യം കലാ അക്കാദമിയുടെ ഭാഗമായാണ് കേന്ദ്രം പ്രവർത്തനം തുടങ്ങുക.

തെയ്യം, തിറ എന്നീ കലാരൂപങ്ങൾക്കു പുറമെ തെയ്യത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട ഇതര കലകൾ, തെയ്യത്തോട് സാദൃശ്യമുള്ള സമാന കലകൾ എന്നിവയുടെ സംരക്ഷണം, പ്രസാരണം, ഗവേഷണം തുടങ്ങിയതാണ് പദ്ധതി. ഹെറിറ്റേജ് കലകൾക്കും കലാരൂപങ്ങൾകും അന്തർദേശീയ തലത്തിലുള്ള വിനിമയ കേന്ദ്രമുണ്ടാക്കുകയും ടൂറിസം വകുപ്പ്, പരിസ്ഥിതി വകുപ്പ്, കായിക വകുപ്പ് എന്നീ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഇതര സംസ്ഥാന കലാ രൂപങ്ങളുടെ പ്രദർശനവും അവതരണവും തലശേരിയിൽ എല്ലാവർഷവും സംഘടിപ്പിക്കുവാനും ഉള്ള അവസരം ഉണ്ടാക്കുകയാണ് ലക്‌ഷ്യം.

തെയ്യമെന്ന അനുഷ്ഠാന കലാ രൂപത്തെ അതിന്റെ പ്രഭവ കേന്ദ്രമായ കാവുകളിൽത്തന്നെ കെട്ടിയാടിക്കാനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ആളുകൾക്ക് ഓൺലൈനായി തെയ്യം കാണാനും അവസരമൊരുക്കും. തെയ്യം ലൈവ് മ്യൂസിയം, തെയ്യം ഡിജിറ്റൽ ഗാലറി, തെയ്യം വില്ലേജ് എന്നിവ നിർമിക്കാനും പദ്ധതിയുണ്ട്. കാവുകൾക്ക് സഹായ ധനം, കലാകാരന്മാർക്ക് ആവശ്യമായ ചികിത്സ സഹായം, ഗ്രാന്റ് പെൻഷൻ തുടങ്ങിയവ നൽകും.

തെയ്യം എന്ന ഒരു കലാരൂപത്തിന്റെ ചരിത്രപരമായും സാമൂഹികപരമായുമുള്ള വികാസത്തിന് രാജ്യാന്തന്തര വേരുകൾ ഉണ്ട് എന്നത് നിസ്സാരമായ കാര്യമല്ല. തെയ്യത്തിന്റെ ആവിർഭാവത്തെ പറ്റി നിരവധി ഗവേഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും കാലാന്തരങ്ങൾക്കും അപ്പുറത്തുള്ള തെയ്യത്തിൻറെ യാത്രകൾ എവിടെയും അടയാളപ്പെടുത്തിയിട്ടില്ല .

Leave a Reply